ശ്രീനാദേവി സെല്ലിൽ ഉള്ള രാജൻ ജോസഫിനോട് തർക്കിക്കുന്നതും കാണാം. സൈബർ അധിക്ഷേപ കേസിൽ ആയിരുന്നു രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തത്
പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ അടൂർ പോലീസ് സ്റ്റേഷനിൽ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇക്കഴിഞ്ഞ ജൂലൈയിൽ യൂട്യൂബ് രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോൾ ആയിരുന്നു കയ്യേറ്റവും സ്റ്റേഷനുള്ളിൽ കയറിയുള്ള വെല്ലുവിളിയും. സംഭവത്തിൽ ശക്തമായ നടപടി സിപിഎം ആവശ്യപ്പെടുമ്പോൾ അതിക്രമങ്ങൾ നടന്നിട്ടില്ലെന്നാണ് ഫെന്നി നൈനാൻ ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ന്യായീകരണം.
പോലീസ് കസ്റ്റഡിയിലുള്ള യൂ ട്യൂബർ രാജൻ ജോസഫിനെ യൂത്ത് കോൺഗ്രസുകാർ കയ്യേറ്റം ചെയ്യുന്നതും പരാതിക്കാരിയായ കോൺഗ്രസ് നേതാവ് ശ്രീനാദേവി പിന്നീട് സ്റ്റേഷനുള്ളിൽ കയറി വെല്ലുവിളിക്കുന്നതും ആണ് ദൃശ്യങ്ങളിൽ ഉള്ളത്. എല്ലാത്തിനും പോലീസിന്റെ ഒത്താശയമുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ 11 നടന്ന സംഭവത്തിന്റെ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നത്. രണ്ടു പോലീസുകാർക്ക് ഉൾപ്പെടെ പരിക്കേറ്റ സംഭവത്തിൽ അന്ന് തന്നെ കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 20 പേർ എന്ന രീതിയിൽ മാത്രമായിരുന്നു കേസ്. വ്യക്തമായ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ശ്രീനാദേവിക്കും ഫെന്നി അടക്കമുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്കും എതിരെ ശക്തമായ നടപടി വേണമെന്നാണ് സിപിഎം ആവശ്യം.
ഏറെക്കാലമായി സൈബർ ഇടങ്ങൾ വഴി മോശമായ അധിക്ഷേപമാണ് രാജൻ ജോസഫ് നടത്തിക്കൊണ്ടിരുന്നത്. നിരവധി യുവാക്കൾ അതിനിരയായി. രാജൻ അറസ്റ്റിലായത് അറിഞ്ഞ് സ്റ്റേഷനിൽ എത്തി പ്രതിഷേധിക്കുക മാത്രമാണെന്നും കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ആണ് ഫെന്നി ഉൾപ്പെടെ വിശദീകരിക്കുന്നത്. രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോൾ നല്ലവണ്ണം കൈകാര്യം ചെയ്തു എന്ന തരത്തിൽ ഫെനിയും സംഘവും അന്നുതന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് സിപിഎം കേന്ദ്രങ്ങള് വിവരാവകാശം വഴിസ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്തെടുത്തത്.
രാഹുൽ മാങ്കൂട്ടത്തിലും സംഘവും അടൂരിലെ സിപിഎം നേതാക്കളുമായുള്ള തർക്കം കൂടുതൽ രൂക്ഷമായി വരികയാണ്. സംഘർഷങ്ങളും സമൂഹമാധ്യമ പോരും അതിരുവിടുന്നു എന്ന വിമർശനം മുതിർന്ന കോൺഗ്രസ് സിപിഎം നേതാക്കൾക്കുണ്ട്.





