കുട്ടി കഴക്കൂട്ടം ജംഗ്ഷൻ വരെ നടന്നുപോകുന്ന ദൃശ്യങ്ങൾ കിട്ടിയെന്ന് പൊലീസ്; നഗരത്തിൽ തന്നെയുണ്ടെന്ന് നിഗമനം
കുട്ടി തലസ്ഥാന നഗരത്തിൽ തന്നെയുണ്ടെന്നാണ് കരുതുന്നതെന്ന് ഡിസിപി പറഞ്ഞു. 50 രൂപയാണ് കുട്ടിയുടെ കൈവശമുണ്ടായിരുന്നത്.
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത് തംസുമിനായുള്ള അന്വേഷണം അർദ്ധരാത്രിക്ക് ശേഷവും തുടരുകയാണ്. കുട്ടി ഹൈവേയിലൂടെ കഴക്കൂട്ടം ജംഗ്ഷൻ വരെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതായി തിരുവനന്തപുരം പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. പരിസരത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. കുട്ടി തലസ്ഥാന നഗരത്തിൽ തന്നെയുണ്ടെന്നാണ് കരുതുന്നതെന്ന് ഡിസിപി പറഞ്ഞു. 50 രൂപയാണ് കുട്ടിയുടെ കൈവശമുണ്ടായിരുന്നത്.
അതേസമയം കുട്ടിയുടെ ചിത്രവും ധരിച്ചിരുന്ന വസ്ത്രത്തെ കുറിച്ചുമുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന്റെ പേരിൽ പല സ്ഥലത്തു നിന്നും പൊലീസിന് വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിക്കുകയാണ്. ഇതിനിടെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് അസമിലെ സിൽചറിലേക്ക് പുറപ്പെട്ട അരോണയ് എക്സ്പ്രസിൽ കുട്ടി കയറിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ട്രെയിനിലും വിശദമായ പരിശോധന നടക്കുന്നുണ്ട്. ട്രെയിൻ പാലക്കാട് എത്തിയപ്പോൾ അവിടെ നിന്നുള്ള പൊലീസ് സംഘം ട്രെയിനിൽ കയറി പരിശോധന തുടരുകയാണ്. യാത്രക്കാർക്ക് കുട്ടിയുടെ ഫോട്ടോ കാണിച്ചുകൊടുത്ത് അന്വേഷിക്കുന്നുമുണ്ട്.
Read also: അരോണയ് എക്സ്പ്രസ്സിൽ കുട്ടി ഇല്ല; ട്രെയിൻ പാലക്കാട് വിട്ടു, കുട്ടി നഗരത്തിൽ തന്നെ ഉണ്ടെന്ന് പൊലീസ്
തിരുവനന്തപുരത്ത് കഴക്കൂട്ടം മേഖലയിലും നഗരത്തിലെ മറ്റ് പ്രദേശങ്ങളിലും പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ് ഇപ്പോൾ. കടകളുടെ പരിസരങ്ങളിലും ബസ് സ്റ്റാൻഡുകളിലുമൊക്കെ പരിശോധന നടത്തുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പൊലീസ് എത്തി അന്വേഷണം നടത്തുന്നു. കേരളത്തിൽ എത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ കുട്ടിക്ക് എവിടെയെങ്കിലും പോകാൻ ടിക്കറ്റ് എടുക്കാനോ ഭാഷ അറിയാത്തതിനാൽ ആരുടെയെങ്കിലും സഹായം തേടാനോ പ്രയാസമായിരിക്കുമെന്നാണ് അനുമാനം. സിറ്റി പൊലീസ് കമ്മീഷണർ സ്പർജുൻ കുമാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ആസാം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസിക്കുകയും ചെയ്യുന്ന അൻവർ ഹുസൈന്‍റെ മകൾ തസ്മീൻ ബീഗത്തെ (13) ആണ് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് കാണാൻ ഇല്ലാത്തത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്. കുട്ടിയെ കാണാനില്ല എന്ന് മനസ്സിലാക്കിയ വീട്ടുകാർ ഉടൻ വിവരം കഴക്കൂട്ടം പൊലീസിൽ അറിയിച്ചു.
വിവരം ലഭിച്ചതിന് പിന്നാലെ കുട്ടിയെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ബാഗിൽ വസ്ത്രങ്ങൾ എടുത്താണ് കുട്ടി പോയിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പ് കഴക്കൂട്ടത്ത് എത്തിയ കുട്ടിക്ക് മലയാളം അറിയില്ല എന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം