തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സിഡാക്‌ പരിശോധന നടത്തുന്നു. ഡയറക്ടറുടെ കംപ്യൂട്ടറില്‍ നിന്ന് പല മെയിലുകളും ഡിലീറ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ സന്ദേശങ്ങള്‍ വീണ്ടെടുക്കാനായാണ് പരിശോധന. 

മുൻ ഡയറക്ടര്‍ ഡോ.ആശ കിഷോര്‍ പല സന്ദേശങ്ങളും ഡിലീറ്റ് ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ ഡയറക്ടര്‍ പ്രൊഫസര്‍ ഡോ.കെ.ജയകുമാറിന്‍റെ ആവശ്യപ്രകാരമാണ് സിഡാക് സന്ദേശങ്ങള്‍ വീണ്ടെടുക്കാൻ ശ്രമിക്കുന്നത്. ശ്രീചിത്രയുമായി ചേര്‍ന്ന് സംസ്ഥാനത്ത് നടത്തിയ ആരോഗ്യ സര്‍വേയുടെ വിവരങ്ങൾ കനേഡിയൻ ഗവേഷണ ഏജൻസിക്ക് നല്‍കാൻ ശ്രീചിത്രയും കൂട്ടുനിന്നു എന്ന ആരോപണം  നിലനില്‍ക്കെയാണ് സന്ദേശങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായുള്ള പരിശോധന. അതേസമയം ഇൻസ്റ്റിറ്റ്യൂട്ടിലെ കംപ്യൂട്ടര്‍ വിഭാഗത്തിന് സന്ദേശങ്ങള്‍ വീണ്ടെടുക്കാൻ കഴിയാത്തതിനാൽ സിഡാക്കിന്‍റെ സഹായം തേടിയതാണെന്നാണ് അധികൃതരുടെ വിശദീകരണം.