ബെംഗളൂരു: കൊവിഡ് പ്രതിരോധ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം 13,90,000 ഡോസ് വാക്സിൻ അനുവദിച്ചതായി കർണാക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. നാളെയോ മറ്റന്നാളോ ആയി മുഴുവൻ ഡോസ് വാക്സിനുകളും കർണാടകത്തിൽ എത്തും എന്നാണ് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡ് വാക്സിനേഷന് മുന്നോടിയായി നടക്കുന്ന ഡ്രൈറണിൻ്റെ പുരോ​ഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക‍ർണാടക ആരോ​ഗ്യമന്ത്രി. ഒന്നാം ഘട്ടത്തിൽ രജിസ്റ്റ‍ർ ചെയ്ത 6.3 ലക്ഷം ആരോ​ഗ്യപ്രവ‍ർത്തകർക്കാവും ക‍ർണാടകത്തിൽ കൊവിഡ് വാക്സിൻ നൽകുക. ഇനിയും പേര് രജിസ്റ്റ‍ർ ചെയ്യാത്ത ആരോ​ഗ്യപ്രവ‍ർത്തകർക്ക് ഇനിയും അവസരമുണ്ടെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.