കൊച്ചി: പ്രളയക്കെടുതി വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇന്ന് മലപ്പുറം, ആലപ്പുഴ ജില്ലകളിൽ സന്ദർശനം നടത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മലപ്പുറത്ത് സന്ദര്‍ശനം നടത്തുന്നത്. കേന്ദ്രസംഘത്തിലെ മറ്റുള്ളവര്‍ ആലപ്പുഴയിലേക്കും പോകും. 

ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മലപ്പുറത്ത് സന്ദര്‍ശനം നടത്തുന്നത്. രാവിലെ 10 ന്  ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം സംഘം ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കൈപ്പിനി പാലം, പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജ്, പാതാര്‍, കവളപ്പാറ, അമ്പുട്ടാന്‍പൊട്ടി, മുണ്ടേരി എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് മുമ്പ് സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് ശേഷം ഒടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ്, എടവണ്ണ, കീഴുപറമ്പ്, അരീക്കോട് എന്നിവിടങ്ങളിലെത്തി സംഘം പ്രളയനഷ്ടം വിലയിരുത്തും. 

ആലപ്പുഴയില്‍ എത്തുന്ന കേന്ദ്രസംഘം രാവിലെ 11-ന് ഗസ്റ്റ് ഹൗസിൽ മന്ത്രി ജി സുധാകരന്‍റെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. 12 മണിയോടെ കുട്ടനാട്ടിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കും. ഉച്ചകഴിഞ്ഞ് കടലാക്രമണം ഉണ്ടായ ഒറ്റമശേരി, കാട്ടൂർ മേഖലകളിലും സംഘം സന്ദർശനം നടത്തും. 

കേന്ദ്രസംഘത്തിന്‍റെ ആദ്യഘട്ട സന്ദർശമാണിത്. ഈ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മറ്റൊരു സംഘംകൂടി കേരളത്തിലെത്തി പരിശോധന നടത്തും. അതിനുശേഷമേ കേന്ദ്രസഹായത്തിന്‍റെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകൂ. 2101.9 കോടിയുടെ സഹായമാണ് പ്രളയദുരിതാശ്വാസമായി സംസ്ഥാനം കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.