Asianet News MalayalamAsianet News Malayalam

വാക്‌സിനേഷൻ ലക്ഷ്യം വയ്ക്കുന്ന ജനസംഖ്യ കേന്ദ്രം പുതുക്കി, സംസ്ഥാനത്തിന് 9.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

രജിസ്ട്രാര്‍ ജനറല്‍ ഓഫീസിന്റേയും സെന്‍സസ് കമ്മീഷണറുടേയും റിപ്പോര്‍ട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളുടേയും എസ്റ്റിമേറ്റ് പോപ്പുലേഷന്‍ പുതുക്കിയിട്ടുണ്ട്...

center updates population that aim for vaccination, 9.79 lakh doses of vaccine for kerala
Author
Thiruvananthapuram, First Published Sep 18, 2021, 6:00 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്ചയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രജിസ്ട്രാര്‍ ജനറല്‍ ഓഫീസിന്റേയും സെന്‍സസ് കമ്മീഷണറുടേയും റിപ്പോര്‍ട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളുടേയും എസ്റ്റിമേറ്റ് പോപ്പുലേഷന്‍ പുതുക്കിയിട്ടുണ്ട്. നേരത്തെ 2021ലെ ടാര്‍ജറ്റ് പോപ്പുലേഷനനുസരിച്ച് 2.87 കോടി ജനങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്. 

എന്നാല്‍ പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം അത് 2,67,09,000 ആണ്. ഇതേ മാനദണ്ഡം പാലിച്ച് 18 വയസിനും 44 വയസിനും ഇടയിലുള്ള ജനസംഖ്യ 1,39,26,000 ആയും 45നും 59നും ഇടയ്ക്കുള്ള ജനസംഖ്യ 69,30,000 ആയും 60 വയസിന് മുകളില്‍ 58,53,000 ആയും മാറ്റിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ വാക്‌സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 88.94 ശതമാനമായും (2,37,55,055) രണ്ടാം ഡോസ് വാക്‌സിനേഷന്‍ 36.67 ശതമാനമായും (97,94,792) ഉയര്‍ന്നു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,35,49,847 ഡോസ് വാക്‌സിന്‍ നല്‍കാനായത്. അതായത് ഈ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇനി 29 ലക്ഷത്തോളം പേര്‍ക്ക് മാത്രമേ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനുള്ളു. കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രമേ വാക്‌സിന്‍ എടുക്കേണ്ടതുള്ളൂ. അതിനാല്‍ തന്നെ കുറച്ച് പേര്‍ മാത്രമാണ് ഇനി ആദ്യഡോസ് വാക്‌സിന്‍ എടുക്കാനുള്ളത്.

സംസ്ഥാനത്തിന് 9,79,370 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരം 3,31,610, എറണാകുളം 3,85,540, കോഴിക്കോട് 2,62,220 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്. കൂടുതല്‍ വാക്‌സിന്‍ ലഭ്യമായതോടെ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ള വാക്‌സിന്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്.

വാക്‌സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്നതിനാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കുറവാണ്. ഇനിയും വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. വാക്‌സിന്‍ എടുത്താലുള്ള ഗുണഫലങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചതാണ്. കൊവിഡ് 19 വാക്‌സിനുകള്‍ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ വാക്‌സിനെടുക്കാന്‍ ആരും വിമുഖത കാണിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Follow Us:
Download App:
  • android
  • ios