പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സെന്‍സെക്സ് 2,300 പോയിന്റിലധികം ഇടിഞ്ഞു. നിഫ്റ്റി 24,571.75 എന്ന നിലയിലേക്കും താഴ്ന്നു.

ഓഹരി വിപണിക്ക് തിരിച്ചടിയായി ബജറ്റ് പ്രഖ്യാപനങ്ങള്‍. ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് ട്രേഡിങ്ങിനുള്ള നികുതി കുത്തനെ കൂട്ടിയതും കമ്പനികളുടെ ഓഹരി തിരിച്ചുവാങ്ങലിന് നികുതി ഏര്‍പ്പെടുത്തിയതും നിക്ഷേപകരെ ഞെട്ടിച്ചു. പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സെന്‍സെക്സ് 2,300 പോയിന്റിലധികം ഇടിഞ്ഞു. നിഫ്റ്റി 24,571.75 എന്ന നിലയിലേക്കും താഴ്ന്നു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ : 

1. ട്രേഡിങ്ങിന് ചെലവേറും : ഡെറിവേറ്റീവ് വിപണിയിലെ ഇടപാടുകള്‍ക്ക് നല്‍കേണ്ട സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് കൂട്ടി.

ഫ്യൂച്ചേഴ്സ്: 0.02 ശതമാനത്തില്‍ നിന്ന് 0.05 ശതമാനമായി ഉയര്‍ത്തി.

ഓപ്ഷന്‍സ്: 0.01 ശതമാനത്തില്‍ നിന്ന് 0.15 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്.

2. ഓഹരി തിരിച്ചുവാങ്ങല്‍ : കമ്പനികള്‍ ഓഹരികള്‍ തിരിച്ചുവാങ്ങുമ്പോള്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന തുക ഇനി മുതല്‍ 'ഡിവിഡന്റ്' ആയിട്ടല്ല, മറിച്ച് 'കാപ്പിറ്റല്‍ ഗെയിന്‍സ്' ആയിട്ടായിരിക്കും കണക്കാക്കുക. ഇത് പ്രൊമോട്ടര്‍മാര്‍ക്ക് 22% മുതല്‍ 30% വരെ നികുതി ബാധ്യതയുണ്ടാക്കും.

3. വിദേശ നിക്ഷേപകര്‍ക്ക് നേരിട്ട് ഓഹരി വാങ്ങാം : വിദേശത്ത് താമസിക്കുന്ന വ്യക്തികള്‍ക്ക് ഇനി ഇന്ത്യയിലെ ഓഹരികള്‍ നേരിട്ട് വാങ്ങാം. ഇതിനായി 'പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് സ്‌കീം' ലളിതമാക്കും. ഒരു കമ്പനിയില്‍ വ്യക്തികള്‍ക്ക് കൈവശം വെക്കാവുന്ന ഓഹരി പരിധി 5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായും, ആകെ പരിധി 24 ശതമാനമായും ഉയര്‍ത്തി.

4. ഐടിആര്‍ ഫയലിംഗില്‍ ആശ്വാസം : ആദായനികുതി റിട്ടേണിലെതെറ്റുകള്‍ തിരുത്താനുള്ള സമയം ഡിസംബര്‍ 31-ല്‍ നിന്ന് മാര്‍ച്ച് 31 വരെ നീട്ടി. എന്നാല്‍ ചെറിയൊരു ഫീസ് നല്‍കേണ്ടി വരും. അതേസമയം, ദീര്‍ഘകാല-ഹ്രസ്വകാല മൂലധന നേട്ട നികുതികളില്‍ മാറ്റമില്ല.

വികസനക്കുതിപ്പിന് 12.2 ലക്ഷം കോടി രാജ്യത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്ന മൂലധന ചെലവ് 12.2 ലക്ഷം കോടിയായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം ഇത് 11.2 ലക്ഷം കോടിയായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ അഴിച്ചുപണി: പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ , റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ പുനഃസംഘടന നടത്തും.

മുനിസിപ്പല്‍ ബോണ്ടുകള്‍: വലിയ നഗരങ്ങളെ ബോണ്ടുകള്‍ വഴി പണം സമാഹരിക്കാന്‍ പ്രോത്സാഹിപ്പിക്കും. 1,000 കോടിക്ക് മുകളിലുള്ള ബോണ്ടുകള്‍ക്ക് 100 കോടി രൂപ ഇന്‍സെന്റീവ് നല്‍കും.

പ്രവാസി നിക്ഷേപം: പ്രവാസികള്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപിക്കാവുന്ന പരിധി 24 ശതമാനമായി ഉയര്‍ത്തി