ഭരണഘടന  വിഭാവനം ചെയ്യുന്ന ഏകസിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും പ്രതിരോധമന്ത്രി.വരാനിരിക്കുന്ന കൊടുങ്കാറ്റിനെ കൂടി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിക്കൊള്ളൂവെന്ന്  ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള 

ദില്ലി:ഏകസിവില്‍ കോഡുമായി മുന്‍പോട്ടെന്ന ശക്തമായ സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. നടപടികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നിയമമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഭരണഘടന വിഭാവനം ചെയ്യുന്ന ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ഒരു രാജ്യത്ത് പല നിയമങ്ങള്‍ വേണ്ടെന്നും പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കി. വരാനിരിക്കുന്ന കൊടുങ്കാറ്റിനെ കൂടി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിക്കൊള്ളൂവെന്ന് ഏകസിവില്‍ കോഡിനെ എതിര്‍ത്ത് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള മുന്നറിയിപ്പ് നല്‍കി

പ്രധാനമന്ത്രി പറഞ്ഞത് വെറുതയല്ലെന്ന തുടര്‍ സൂചനകള്‍ നല്‍കിയാണ് ഏകസിവില്‍ കോഡില്‍ സര്‍ക്കാരിന്‍റെ നീക്കങ്ങള്‍. നിയമകമ്മീഷന്‍ പൊതുജനാഭിപ്രായം തേടുന്നതിനിടെയാണ് നിയമമന്ത്രിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. അടുത്തമാസം തുടങ്ങുന്ന പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെ കൂടിക്കാഴ്ചക്ക് പ്രധാന്യം ഏറെയാണ്. ഒരു രാജ്യത്ത് പല നിയമങ്ങള്‍ വേണ്ടെന്ന പ്രതികരണത്തിലൂടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും സര്‍ക്കാരിന്‍റെ മനസിലിരുപ്പ് വ്യക്തമാക്കുന്നു.

ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളായ അയോധ്യയിലെ രാമക്ഷേത്രവും, കശ്മീര്‍ പുനസംഘടനയും സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. ഇനി മുന്‍പിലുള്ളത് ഏകസിവില്‍ കോഡാണെന്നും രാജ് നാഥ് സിംഗ് വ്യക്തമാക്കി കഴിഞ്ഞു. സര്‍ക്കാര്‍ നീക്കത്തിനെതിരെ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചു. പാറ്റ്നയിലെ പ്രതിപക്ഷ യോഗത്തില്‍ പരിഭ്രാന്തനായ മോദി, വര്‍ഗീയ വിദ്വേഷവും ആശയക്കുഴപ്പവും ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും, ജനം പാഠം പഠിപ്പിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആഞ്ഞടിച്ചു. ഒരു പടി കൂടി കടന്ന് ഏകസിവില്‍ കോഡ് നടപ്പാക്കിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും,ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂക്ക് അബ്ദുള്ള മുന്നറിയിപ്പ് നല്‍കി.

ഏകസിവില്‍ കോഡിനെ പിന്തുണച്ച് പ്രതിപക്ഷ നിരയില്‍ ആശയക്കുഴപ്പത്തിന് ശ്രമിച്ച ആംആദ്മി പാര്‍ട്ടിക്ക് ആ നിലപാട് പക്ഷേ പഞ്ചാബില്‍ ആപ്പായേക്കും. കെജരിവാളും ബിജെപിയും ഒന്നാണെന്ന പ്രചാരണം ശിരോമണി അകാലിദള്‍ ശക്തമാക്കി. പഞ്ചാബ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസ്താവനയിറക്കി പ്രതിഷേധിച്ചു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അജണ്ട അംഗീകരിക്കില്ലെന്ന് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി വ്യക്തമാക്കി.