ദില്ലി: കർഷകരുമായി നാളെ ചർച്ചയ്ക്കു തയ്യാറെന്ന് കേന്ദ്ര സർക്കാർ. എഴുതി നല്‍കിയ നിർദ്ദേശങ്ങളിൽ ചർച്ചയാവാമെന്ന് സർക്കാർ അറിയിച്ചു. എന്നാല്‍
നിയമങ്ങൾ പിൻവലിക്കുമോയെന്ന് ആദ്യം വ്യക്തമാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. കര്‍ഷക പ്രക്ഷോഭം ഇന്ന് 18 -ാം ദിവസം പിന്നിടുകയാണ്. ഇന്ന് ജയ്പ്പൂര്‍ ദേശീയപതായിലൂടെയും ആഗ്ര എക്സ് പ്രസ് പാതയിലൂടെയും കര്‍ഷകരുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് ആരംഭിക്കും.  രാജസ്ഥാനിലെ സാഹ്ജൻപ്പൂരിൽ നിന്ന് 11 മണിക്കാണ് ജയ്പ്പൂര്‍ ദേശീയപാതയിലെ റാലി ആരംഭിക്കുക. 

ട്രാക്ടറുകളുമായി രാജസ്ഥാനിലെയും ഹരിയാനയിലെയും യുപിയിലെയും കര്‍ഷകരാണ് എത്തുന്നത്. രാജസ്ഥാനിൽ നിന്ന് പുറപ്പെടുന്ന മാര്‍ച്ച് അതിര്‍ത്തിയിൽ തടയാനാണ് ഹരിയാന പൊലീസിന്‍റെ തീരുമാനം.  സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികൾക്ക് പുറമെ ജയ്പൂര്‍-ആഗ്ര പാതകളിൽ കൂടി കര്‍ഷകര്‍ എത്തുന്നതോടെ ദില്ലിയിലേക്കുള്ള എല്ലാ പ്രധാന പാതകളിലൂടെയുള്ള ഗതാഗതവും  സ്തംഭിക്കും. ചരക്കുനീക്കം പൂര്‍ണമായി തടസ്സപ്പെടും. നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന സാചര്യത്തിലാണ് കര്‍ഷകര്‍ സമരം കടുപ്പിക്കുന്നത്.