പത്തനംതിട്ട: പത്തനംതിട്ടിയിൽ നാലായിരത്തിലധികം കൈവശക്കാര്‍ക്ക് പട്ടയം നല്‍കാനായി ജില്ലാ ഭരണ കൂടം വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി തേടി. സംയുക്ത സര്‍വ്വേ അടക്കമുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. കോന്നി താലൂക്കിലാണ് പട്ടയത്തിനായി കൂടുതൽ അപേക്ഷകർ കാത്തിരിക്കുന്നത്. റാന്നി മല്ലപ്പള്ളി താലൂക്കുകളിലും അപേക്ഷകർ ഉണ്ട്. ഭക്ഷ്യഉല്‍പ്പാദന മേഖലയായി വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയിൽ താമസിക്കുന്നവരാണ് അപേക്ഷകരിലധികവും. 

പട്ടയം നൽകുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അംഗീകാരമില്ലാത്തതിനാൽ നേരത്തെ കോന്നിയിൽ അനുവദിച്ച 1843 പട്ടയങ്ങൾ റദ്ദാക്കിയിരുന്നു. 1977 ജനുവരി ഒന്നിന് മുമ്പ് വനംഭൂമി കയ്യേറി കൈവശം വച്ചുവരുന്നവർക്കാണ് പട്ടയം നൽകുക. 1970.04 ഹെക്ടർ വനഭൂമി കൈവശപ്പെടുത്തിയത് 77 ന് മുമ്പാണെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.