Asianet News MalayalamAsianet News Malayalam

'ഇത് വിശ്വാസ വഞ്ചന; അടച്ചുപൂട്ടാനുള്ള കേന്ദ്ര നീക്കം പിൻവലിക്കണം'; ഏലൂർ എച്ച്ഐഎൽ ജീവനക്കാർ

പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിയ നൽകിയ ശേഷം സ്ഥാപനം പൂട്ടുന്നത് വിശ്വാസ വഞ്ചനയാണെന്നും ജീവനക്കാർ ആരോപിച്ചു. കഴിഞ്ഞ അഞ്ച് മാസമായി ജീവനക്കാരുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്. 

central government planning to shut down eloor hindustan insecticides limited apn
Author
First Published Mar 18, 2023, 11:45 AM IST

കൊച്ചി : എറണാകുളം ഏലൂരിലെ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം പിൻവലിക്കണമെന്ന് ജീവനക്കാർ. പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഉറപ്പ് നൽകിയ ശേഷം സ്ഥാപനം പൂട്ടുന്നത് വിശ്വാസ വഞ്ചനയാണെന്നും ജീവനക്കാർ ആരോപിച്ചു. കഴിഞ്ഞ അഞ്ച് മാസമായി ജീവനക്കാരുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്. 

ഏലൂരിലെ എച്ച്ഐഎൽ യൂണിറ്റ് കീടനാശിനി ഉത്പാദന രംഗത്ത് സുവർണ്ണ നേട്ടങ്ങൾ കൊയ്ത സ്ഥാപനമാണ്. തൊണ്ണൂറുകൾ വരെ ആയിരത്തിലേറെ ജീവനക്കാർ ഉണ്ടായിരുന്ന സ്ഥാപനം കേന്ദ്രം ഭരിച്ച സർക്കാരുകളുടെ നടപടികളിലെ പിടിപ്പുകേടുകളിൽ പിന്നീട് ദുർബലപ്പെട്ടു. ഇപ്പോൾ അറുപത്തിനാല് സ്ഥിരം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ശമ്പളമില്ലാതെ ആനുകൂല്യമില്ലാതെ ജോലി ചെയ്യുമ്പോഴും പ്രതീക്ഷ ജോലി നഷ്ടപ്പെടില്ലെന്നായിരുന്നു. 

ഡിഡിറ്റി, എൻഡോസൾഫാൻ തുടങ്ങിയവയായിരുന്നു എച്ച്ഐഎല്ലിന്‍റെ പ്രധാന ഉത്പന്നങ്ങൾ. ഇവ രണ്ടും നിർത്തിയെങ്കിലും മറ്റ് കീടനാശിനികൾ നിർമ്മിച്ച് ചുവടുറപ്പിക്കുമ്പോഴാണ് ഒന്നിന് പിറകെ ഒന്നായി വന്ന തീരുമാനങ്ങളും മാനെജ്മെന്‍റ് നടപടികളും സ്ഥാപനത്തെ തളർത്തിയത്. അസംസ്കൃത വസ്തുക്കൾ എത്തിക്കാതെയും വൈദ്യുതി വിച്ഛേദിച്ചും മുന്നറിയിപ്പുകൾ നൽകി. ഒടുവിലാണ് അടച്ചുപൂട്ടലിലേക്കെത്തിയത്. 

സ്ഥാപനം പൂട്ടുന്നതിനെതിരെ ജീവനക്കാർ പാർലമെന്‍റിലെ രാസവളം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. സ്ഥാപനം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ അതിനും തടസങ്ങൾ ഏറെയാണ്. തൊട്ടടുത്തുള്ള എഫ്എസിറ്റിയുടെ സബ്സിഡിയറി യൂണിറ്റാക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. 

 

Follow Us:
Download App:
  • android
  • ios