രാജസ്ഥാനിൽ നിന്ന് പഞ്ചാബ്-ഹരിയാന വഴി ദില്ലിക്ക് വരുന്ന മറ്റൊരു ട്രെയിൻ ഹരിയാനയിലെ ബഹദൂർഗഡിൽ യാത്ര അവസാനിപ്പിച്ചു. യുപിയിൽ നിന്നും വരുന്ന ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ദില്ലി: കർഷക സമരത്തെ പ്രതിരോധിക്കാൻ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ദില്ലിയിലേക്ക് വരുന്ന ലോക്കൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ട്രെയിനുകളിൽ സമരഭൂമികളിലേക്ക് കർഷകർ എത്തുന്ന സാഹചര്യത്തിൽ ആണ് നിയന്ത്രണം. പഞ്ചാബ് മെയിൽ റോത്തക്കിൽ നിന്ന് റെവാരിയിലേക്ക് വഴിതിരിച്ച് വിട്ടു. ഈ ട്രെയിനിൽ ആയിരത്തോളം കർഷകർ ഉണ്ടെന്ന് കർഷക സംഘടനകൾ പറയുന്നു.

രാജസ്ഥാനിൽ നിന്ന് പഞ്ചാബ്-ഹരിയാന വഴി ദില്ലിക്ക് വരുന്ന മറ്റൊരു ട്രെയിൻ ഹരിയാനയിലെ ബഹദൂർഗഡിൽ യാത്ര അവസാനിപ്പിച്ചു. യുപിയിൽ നിന്നും വരുന്ന ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സമരത്തിന്റെ മുഖ്യ കേന്ദ്രമായി മാറുന്ന ഗാസിപ്പൂരില്‍ യുപി പൊലീസ് കുടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദില്ലി മീററ്റ് അതിവേഗ പാതയില്‍ ട്രാക്റ്ററുകള്‍ പ്രവേശിക്കാതിരിക്കാന്‍ റോഡില്‍ മുളളുകമ്പികള്‍ പാകി. 69-ാം ദിവസത്തിലേക്ക് കടന്ന കർഷക സമരത്തെ നിയന്ത്രിക്കാൻ എല്ലാ സാധ്യതകളും തേടുകയാണ് കേന്ദ്ര സർക്കാർ. 

സമരത്തെ നേരിടാൻ തന്നെ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കെ, ശക്തമായി മുന്നോട്ട് പോകാനാണ് കർഷകരുടെയും തീരുമാനം. ശനിയാഴ്ച്ച രാജ്യവ്യാപകമായി വഴി തടയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 12 മുതൽ വൈകുന്നേരം മൂന്ന് വരെ വഴിതടയൽ സമരം നടത്തും.

കർഷക സമരം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷം ബഹളം വച്ചു. സഭാനടപടികൾ നിർത്തിവച്ച് ഇന്ന് ചർച്ച ചെയ്യണമെന്ന ആവശ്യം പക്ഷേ അംഗീകരിച്ചില്ല.