ദില്ലി: ലോക്ക്ഡൗണിനു ശേഷമുള്ള തൊഴിലില്ലായ്മ നിരക്കിൽ ഔദ്യോഗിക കണക്ക് പുറത്തുവിടാതെ കേന്ദ്രസർക്കാർ. 2018-2019 വർഷത്തെ കണക്കുകളേ ഇപ്പോൾ ലഭ്യമുള്ളൂ എന്നാണ് ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് സർക്കാരിന്‍റെ മറുപടി. ലോക്ക്ഡൗൺ കാലത്ത് തൊഴിലില്ലായ്മ 28 ശതമാനം വരെ ഉയർന്നു എന്ന വിലയിരുത്തലിനിടെയാണ് കണക്കുകൾ മൂടിവയ്ക്കാനുള്ള കേന്ദ്ര ശ്രമം.

നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കുള്ള പലായനമായിരുന്നു ഈ ലോക്ക്ഡൗൺ കാലത്തെ പ്രധാന കാഴ്ച. ദേശീയ തൊഴിലുറപ്പാക്കൽ പദ്ധതിക്ക് നൽകിയ അധിക തുക തുടക്കത്തിൽ ഗ്രാമങ്ങളിൽ ഇവരെ പിടിച്ചു നിൽക്കാൻ സഹായിച്ചു. എന്നാൽ ആ സഹായവും ഇടിയുന്നതോടെ തിരിച്ചെത്തുന്നവർക്ക് നഗരങ്ങളിൽ തൊഴിലുണ്ടോ? ഇല്ലെന്നാണ് അനുഭവം. എന്നാൽ ഇതറിയാൻ ആധികാരികമായ ഒരു കണക്കും സർക്കാരിന്‍റെ പക്കലില്ല. 

പത്തുദിവസം കൊണ്ട് അവസാനിച്ച പാർലമെന്‍റ് സമ്മേളനത്തിൽ തൊഴിലില്ലായ്മയുടെ കണക്ക് ചോദിച്ച് വന്നത് അൻപതിലധികം ചോദ്യങ്ങൾ. ബിജെപിയുടെ തന്നെ എംപി രാകേഷ്സിംഗിന്‍റെ ചോദ്യം ലോക്ക്ഡൗൺ തൊഴിലില്ലായ്മ നിരക്ക് ഉയർത്തിയോ എന്നായിരുന്നു. മറുപടിയായി 2018-19ലെ 5.8 ശതമാനം എന്ന കണക്ക് നൽകി. ആൻ്റോ ആൻ്റണിയും സമാന ചോദ്യം ഉയർത്തി. മറുപടിയായി കിട്ടിയത് അതേപടി പകർത്തിയ ഉത്തരം. അതായത് ഒന്നര കൊല്ലത്തെ കണക്കില്ല.

സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി അഥവാ സിഎംഐഇ എന്ന സർക്കാർ ഇതര സ്ഥാപനത്തിൻറെ കണക്കുകൾ സ്വകാര്യമേഖല ആശ്രയിക്കുന്നു. സിഎംഐഇ കഴിഞ്ഞ മുപ്പത് ദിവസത്തെ ശരാശരി നിരക്ക് 6.7 ആണെന്ന് വ്യക്തമാക്കുന്നു. ഇത് 27 ശതമാനം വരെ ലോക്ക്ഡൗൺ സമയത്ത് എത്തിയിരുന്നു. അടുത്തിടെ സിഫോർ നടത്തിയ സർവ്വെയിലും സർക്കാരിനെതിരായ പ്രധാന അതൃപ്തി തൊഴിലില്ലായ്മയുടെ കാര്യത്തിലെന്ന് വ്യക്തമായിരുന്നു.

സിഎംഐഇ പറയുന്ന 6.7 ശതമാനം പോലും സ്വകാര്യ അസംഘടിത മേഖലകളിൽ എത്രപേർക്ക് തൊഴിൽ പോയി എന്ന വ്യക്തതയില്ലാതെയാണ്. ആസൂത്രണത്തിന് പ്രത്യേക മന്ത്രാലയവും നീതി ആയോഗും ഒക്കെയുള്ള സർക്കാരാണ് തൊഴിൽരഹിതരുടെ എണ്ണം ചോദിക്കുമ്പോൾ പഴയ കണക്ക് നല്കുന്നത്.