സുരക്ഷ ഉറപ്പാക്കാനായി ദേശീയ തലത്തിൽ ഒരു മാര്‍ഗ്ഗരേഖ ഇറക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ദില്ലി: ജഡ്ജിമാരുടെ സുരക്ഷക്കായി ദേശീയ തലത്തിൽ പ്രത്യേകസേന രൂപീകരിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഝാര്‍ഖണ്ഡിൽ ജഡ്ജി കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. സുരക്ഷ ഉറപ്പാക്കാനായി ദേശീയ തലത്തിൽ ഒരു മാര്‍ഗ്ഗരേഖ ഇറക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
സുരക്ഷക്കായി ഏത് സേനയെ നിയമിക്കണം എന്നത് സംസ്ഥാനങ്ങൾ തീരുമാനിക്കട്ടേ എന്നും കേന്ദ്രം വ്യക്തമാക്കി. കേസിൽ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം സുപ്രീംകോടതി കഴിഞ്ഞ ആഴ്ച തേടിയിരുന്നു. ഇതിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ സത്യവാംങ്മൂലം നൽകാത്തതിനെ കോടതി വിമര്‍ശിച്ചു.
സത്യവാംങ്മൂലം നൽകാത്ത സംസ്ഥാനങ്ങൾ ഒരു ലക്ഷം രൂപ പിഴ അടക്കണമെന്ന് ആദ്യം ആവശ്യപ്പട്ട കോടതി, പിന്നീട് ഒരാഴ്ചക്കുള്ളിൽ സത്യവാംങ്മൂലം നൽകിയില്ലെങ്കിൽ പിഴ അടക്കണമെന്നാക്കി ഉത്തരവ് മാറ്റി. ഒരാഴ്ചക്കുള്ളിൽ സത്യവാംങ്മൂലം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
