Asianet News MalayalamAsianet News Malayalam

നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്രം; ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്‍ധര്‍ കേരളത്തിലെത്തും

കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗനിയന്ത്രണം സാധ്യമാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധര്‍ കേരളത്തിലെത്തുമെന്നും കേന്ദ്രസംഘം

central government team says nipha  outbreak may not widely spread
Author
Trivandrum, First Published Sep 6, 2021, 8:06 AM IST

കോഴിക്കോട്: സംസ്ഥാനത്ത് സ്ഥിരീകരിച്ച നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘത്തിൻ്റെ പ്രാഥമിക നിഗമനം. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗനിയന്ത്രണം സാധ്യമാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധര്‍ കേരളത്തിലെത്തും. ഏരിയല്‍ ബാറ്റ് സര്‍വേയ്ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി. പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പക‍ർന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതർക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളില്‍ നിർണായകമാണ്. 

പഴൂരിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഇന്ന് പരിശോധന നടത്തും. മരിച്ച കുട്ടിയുടെ വീട്ടിൽ എത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്യും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും. സാന്നിദ്ധ്യം കണ്ടെത്തിയാൽ ഇവ ഏത് വിഭാഗത്തിൽ പെടുന്നു എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. വവ്വാലിന്‍റെ സ്രവ സാമ്പിള്‍ പരിശോധിക്കേണ്ടതുണ്ടോ എന്നത് പിന്നീട് തീരുമാനിക്കും. നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് മെഡിക്കൽ കോളജിൽ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍
ഫലം ലഭ്യമാക്കാൻ കഴിയും. അടിയന്തര സാഹചര്യം ഏകോപിപ്പിക്കുന്നതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരെ വരും ദിവസങ്ങളിൽ ഈ കമ്മറ്റികളിൽ ഉൾപ്പെടുത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

Follow Us:
Download App:
  • android
  • ios