ഇന്ത്യയിൽ നിരവധി കമ്പനികൾ കേബിൾ ഉൽപാദിപ്പിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽനിന്നും വാങ്ങിയത്?ഇതുവരെ  പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി

ദില്ലി:കേരളത്തിലെ കെ ഫോൺ പദ്ധതിക്കായി ചൈനയിൽ നിർമ്മിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയത് അസ്വാഭാവികമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യയിൽ നിരവധി കമ്പനികൾ കേബിൾ ഉൽപാദിപ്പിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽനിന്നും വാങ്ങിയതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവരാണ് വിശദീകരിക്കേണ്ടത് .ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ദില്ലിയിൽ പറഞ്ഞു

കെ ഫോൺ പദ്ധതിക്ക് വേണ്ടി കേബിളിട്ടതിൽ ഗുരുതര ക്രമക്കേട് എജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ മറികടന്ന് ചൈനീസ് കമ്പനിയിൽ നിന്ന് ഉത്പന്നം വാങ്ങിയെന്ന് മാത്രമല്ല ഗുണമേൻമ ഉറപ്പിക്കാൻ കഴിഞ്ഞില്ലെന്നും പരാമര്‍ശമുണ്ട്. കേബിളിംഗ് ജോലികൾ ഏറ്റെടുത്ത എൽഎസ് കേബിൾസ് എന്ന സ്വകാര്യ കമ്പനിക്ക് അനര്‍ഹമായ സഹായം കെ ഫോൺ ചെയ്തു കൊടുത്തെന്നും കണ്ടെത്തലുണ്ട്

ഇന്ത്യൻ നിര്‍മ്മിത ഉത്പന്നമായിരിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ മറികടന്നാണ് എസ്എസ് കേബിൾ എന്ന സ്വകാര്യ കമ്പനി കെ ഫോൺ പദ്ധതിക്ക് കേബിളിറക്കിയത്. OPGW കേബിളിന്‍റെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് വാങ്ങിയത് ടിജിജി എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ്. കേബിളിന്റ ആകെ വിലയുടെ 70 ശതമാനത്തോളം വരുന്ന ഉത്പന്നം ചൈനയിൽ നിന്ന് ഇറക്കിയതിനാൽ ഇത് ഇന്ത്യൻ നിര്‍മ്മിത ഉത്പന്നത്തിന്‍റെ പരിധിയിൽ വരില്ല. മാത്രമല്ല ഈ കേബിളിന് ഗുണനിലവാരമില്ലെന്ന് പദ്ധതി പങ്കാളിയായ കെഎസ്ഇബി 2019 ൽ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. OPGW കേബിൾ നിര്‍മ്മിക്കാൻ എൽഎസ് കേബിളിന്റെ പ്ലാന്‍റില്‍ സാങ്കേതിക സൗകര്യം ഇല്ലെന്നും ഉന്നതതല ഉദ്യോഗസ്ഥ സംഘത്തിന്‍റെ പരിശോധന ആവശ്യമാണെന്നും കെഎസ്ഇബി നിലപാടെടുത്തു.

എന്നാൽ പദ്ധതി നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എൽഎസ് കേബിളിനെ കയ്യയച്ച് സഹായിച്ചു. ടെണ്ടര്‍ മാനദണ്ഡം മറികടന്ന് പ്രവര്‍ത്തിക്കാൻ അനുമതി നൽകി. രണ്ട് ഇന്ത്യൻ കമ്പനികൾ OPGW കേബിളുകൾ നിര്‍മ്മിക്കുന്നുണ്ട്. ഇവരിൽ നിന്ന് വാങ്ങിയില്ലെന്ന് മാത്രമല്ല 220 കെവി ലൈനിന് കെഎസ്ഇബി വാങ്ങുന്ന കേബിളിന്‍റെ ആറ് മടങ്ങ് വില അധികം എൽഎസ് കേബിൾസ് ഈടാക്കിയിട്ടുമുണ്ട്.