വിദ്യാർത്ഥി പഠിച്ച കോളേജിലും സംഘം പരിശോധന നടത്തി. എന്നാൽ,  പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായില്ല

തൊടുപുഴ: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ ബാധിച്ച വിദ്യാർത്ഥിയുടെ തൊടുപുഴയിലെ വീട്ടിൽ കേന്ദ്ര സംഘം ഉറവിട പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്തായില്ലെന്നും പ്രദേശവാസികളെ നിരീക്ഷണത്തിലാക്കിയത് അവസാനിപ്പിച്ചുവെന്നും ഡിഎംഒ എൻ പ്രിയ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിദ്യാർത്ഥി പഠിച്ച കോളേജിലും സംഘം പരിശോധന നടത്തി. എന്നാൽ, പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും അത് കൊണ്ട് തന്നെ ആശങ്ക വേണ്ടെന്നും ഡിഎംഒ അറിയിച്ചു. ചികിത്സയിലിരിക്കുന്ന വിദ്യാര്‍ഥിയുടെ നില മെച്ചപ്പെട്ടതായി ഇന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

അതേ സമയം നിപ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തിൽ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. 

ആറ് പേരുടേയും സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിലവിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായി. വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നേഴ്സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷൻ വാര്‍ഡിൽ കഴിയുന്നത്.

ഇവരുടെ സാമ്പിളുകളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. വിദ്യാര്‍ത്ഥിയോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പേര്‍ക്കും നിപ ബാധയില്ലെന്ന സ്ഥിരീകരണം വലിയ ആശ്വാസത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്.

ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു. രോഗ വ്യാപനം തടയാനും പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങൾക്കും വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എറണാകുളത്ത് അവലോകന യോഗം ചേരും. 

ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധനും പ്രതികരിച്ചു. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രിപറഞ്ഞു.