Asianet News MalayalamAsianet News Malayalam

മരച്ചീനിയിൽ നിന്ന് സ്പിരിറ്റ്; പൈലറ്റ് പഠനത്തിന് ഒരുങ്ങി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം

നാല് കിലോ മരിച്ചീനിയില്‍ നിന്ന് ഒരു കിലോ സ്റ്റാര്‍ച്ച് ഉണ്ടാക്കാമെന്നും ഇതില്‍ നിന്ന് 450 എംഎല്‍ സ്പിരിറ്റ് ഉണ്ടാക്കാമെന്നുമാണ് കണ്ടെത്തിയത്. നാല് വര്‍ഷം മുമ്പ് നടത്തിയ പുതിയ പഠനത്തില്‍ ഇത്  680 എംഎല്‍ വരെയാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

Central Tuber Crops Research Institute  Spirit from tapioca
Author
Trivandrum, First Published Jun 12, 2021, 12:53 PM IST

തിരുവനന്തപുരം: മരച്ചീനി അടക്കം കേരളത്തിൽ സുലഭമായ കാർഷിക വിളകളിൽ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കണമെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ നിര്‍ദ്ദേശം സജീവ ചര്‍ച്ചയാകുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കന്നി ബജറ്റിലാണ് ധനമന്ത്രി ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. കേരളത്തിലേക്ക് വ്യാവസായിക ആവശ്യത്തിന് ലക്ഷക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് ആവശ്യമായതെല്ലാം എത്തുന്നത് സംസ്ഥാനത്തിന് പുറത്തു നിന്നാണ്. ഈ സാഹചര്യത്തിൽ പുത്തൻ സാങ്കേതിക പരീക്ഷണങ്ങളിലൂടെ കാര്‍ഷിക വിളകൾക്കും കര്‍ഷകര്ക്കും കൂടി മെച്ചമാകുന്ന തരത്തിൽ സ്പിരിറ്റ് ഉത്പാദനത്തെ കുറിച്ച് ചിന്തിക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. 

മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യക്ക് മൂന്ന് പതിറ്റാണ്ട് മുന്പേ തന്നെ പേറ്റെന്റ് എടുത്തിട്ടുണ്ടെന്നാണ് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പറയുന്നത്. പുതിയ നിര്‍ദ്ദേശം വന്നതിന്‍റെ അടിസ്ഥാനത്തിൽ പൈലറ്റ് പഠനം നടത്താൻ ഒരുക്കമാണെന്നും കിഴങ്ങുവിള ഗവേഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. 

കേന്ദ്ര സര്‍ക്കാരിനു കീഴിൽ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം 1983 ല്‍ തന്നെ ഇത് സംബന്ധിച്ച പഠനം  നടത്തി പേറ്റന്‍റ് നേടിയിട്ടുണ്ട്. നാല് കിലോ മരിച്ചീനിയില്‍ നിന്ന് ഒരു കിലോ സ്റ്റാര്‍ച്ച് ഉണ്ടാക്കാമെന്നും ഇതില്‍ നിന്ന് 450 എംഎല്‍ സ്പിരിറ്റ് ഉണ്ടാക്കാമെന്നുമാണ് കണ്ടെത്തിയത്. നാല് വര്‍ഷം മുമ്പ് നടത്തിയ പുതിയ പഠനത്തില്‍ ഇത്  680 എംഎല്‍ വരെയാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. ലാബോറട്ടറി പരീക്ഷണത്തില്‍ ഒരു ലിറ്റര്‍ സ്പിരിറ്റിന്‍റെ ഉത്പാദനച്ചലെവ് 89.55 രൂപയാണ്. കേരളത്തിലേക്ക് എത്തുന്ന സ്പിരിറ്റിന്‍റെ ശരാശരി  വില ലിറ്ററിന് 60 രൂപില്‍ താഴെയാണ്. നിര്‍മ്മാണ ചെലവ് എങ്ങനെ കുറച്ച് കൊണ്ടുവരാം എന്ന കാര്യത്തിലാണ് വിശദമായ പഠനം നടക്കേണ്ടത്.

മരച്ചീനി ഉത്പാദനത്തില്‍ ലോകത്ത് ഇന്ത്യ പതിനഞ്ചാം സ്ഥാനത്താണ്. ഒരു വര്‍ഷം ഉത്പാദിപ്പിക്കുന്ന 50 ടണ്ണില്‍ പകുതിയോളവും കേരളത്തിലാണ്.സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയതിലൂടെ മരച്ചിനി ഉത്പാദനം കൂടുകയും കിലോക്ക് അഞ്ച് രൂപ പോലും കര്‍ഷകന് കിട്ടാത്ത സ്ഥിതായണുള്ളത്. ഈ സാഹചര്യത്തിലാണ് മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കാനുള്ള നിര്‍ദ്ദേശം സജീവ ചര്‍ച്ചയാകുന്നത്.

Follow Us:
Download App:
  • android
  • ios