കാസർകോട്: ഓൺലൈൻ ക്ലാസിൽ ബി.ജെ.പിയെയും ആർ.എസ്.എസിനെയും പ്രോ ഫാസിസ്റ്റ്  എന്ന് വിശേഷിപ്പിച്ചെന്ന പരാതിയിൽ കാസർകോട്  കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറെ  സസ്പെൻഡ് ചെയ്തു. പ്രഫസർ ഗിൽബർട്ട് സെബാസ്റ്റ്യനെയാണ് അന്വേഷണ വിധേയമായി യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്തത്. 

ഏപ്രിൽ 19-ലെ ഓൺലൈൻ ക്ലാസിനിടെയാണ് ആർഎസ്എസ് അനുകൂല സംഘടനകളെ ആക്ഷേപിച്ചു ക്ലാസെടുത്തു എന്ന പരാതി എബിവിപി നൽകിയത്. അതേ സമയം ഇന്ത്യയിലെ സർക്കാരിൻ്റേത് നയം ഫാസിസ്റ്റ് സ്വഭാവമുള്ളതാണോ എന്ന ചോദ്യം ക്ലാസിൽ ചോദിച്ചതിനാണ് അനുചിത നടപടിയെന്നാണ് അധ്യാപകനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

പ്രൊഫസർ ഗിൽബർട്ട് സെബാസ്റ്റ്യനെതിരെ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം യു ജി സി ക്കും വൈസ് ചാൻസലർക്കും അയച്ച കത്ത് പുറത്ത് വന്നിട്ടുണ്ട്. പ്രൊഫസറുടേത് ഗുരുതര അച്ചടക്ക ലംഘനമെന്നും കർശന നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഏപ്രിൽ 19-നാണ് ഈ കത്തയച്ചത്.  മാനവിഭവ ശേഷി മന്ത്രാലയത്തിൻ്റെ ഇടപെടൽ യൂണിവേഴ്സിറ്റിയുടെ സ്വയംഭരണ അവകാശത്തിനെതിരായ ആക്രമണമെന്ന് വിദ്യാർത്ഥി സംഘടനകൾ പറഞ്ഞു. അക്കാദമിക സ്വാതന്ത്ര്യത്തിനും യൂണിവേഴ്സിറ്റി സ്വയംഭരണാധികാരത്തിനെതിരെയും ഉള്ള കേന്ദ്ര മാനവിഭവശേഷി മന്ത്രാലയത്തിൻ്റെ കടന്നുകയറ്റമാണ് നടപടിയെന്നാന്ന് എസ്എഫ്ഐ, എൻഎസ്.യു.ഐ അടക്കമുള്ള സംഘടനകൾ പ്രതികരിച്ചു.