കൊവിഡ് ഭീതി അകന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ കേരളത്തിലേക്ക് നൂറോളം ഐടി കമ്പനികൾ പുതിയതായി എത്തിയെന്നും ജോൺ എം തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: കേരളത്തിൽ ഐടി മേഖല വളരണമെങ്കിൽ സർക്കാരിന്‍റെ ശ്രദ്ധ പതിയേണ്ടത് അടിസ്ഥാന സൗകര്യ വികസനത്തിൽ ആണെന്ന് ഐടി പാര്‍ക്ക് സിഇഒ ജോൺ എം തോമസ്. വിവാദങ്ങൾ കഴിവതും കുറച്ച് സമൂഹം സർക്കാരിനോട് സഹകരിക്കണം. കൊവിഡ് ഭീതി അകന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ കേരളത്തിലേക്ക് നൂറോളം ഐടി കമ്പനികൾ പുതിയതായി എത്തിയെന്നും ജോൺ എം തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരളത്തിന്‍റെ ഐടി പാർക്കുകളുടെ സിഇഒ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹമറിയിച്ച് സർക്കാരിന് കത്ത് നൽകിയ ശേഷം ഇതാദ്യമായാണ് ജോൺ എം തോമസ് ഒരു മാധ്യമത്തോട് സംസാരിക്കുന്നത്. വിവാദങ്ങൾക്കൊന്നും മറുപടിയില്ല. പറയാനുള്ളത് കേരളത്തിന്‍റെ ഐ ടി മേഖലയുടെ വികസനം ഇനി എങ്ങനെ വേണം എന്നതിൽ മാത്രമാണ്.

സർക്കാർ ഊന്നേണ്ടത് അടിസ്ഥാന സൗകര്യ വികസനത്തിലാണെന്ന് ജോണ്‍ എം തോമസ് വിശദീകരിക്കുന്നു. 1.5 ലക്ഷം ഐടി പ്രൊഫഷണലുകൾ കേരളത്തിൽ ജോലി ചെയ്യുമ്പോൾ പത്ത് ലക്ഷം പേരാണ് പുറത്ത് ജോലി നോക്കുന്നത്. ഇവരെ തിരിച്ചെത്തിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കണം. മികച്ച തൊഴിൽ അന്തരീക്ഷം ഉണ്ടെങ്കിൽ ചെറുകിട സ്ഥാപനങ്ങൾ കേരളം വിടില്ല. ആഗോള ഐടി സ്ഥാപനങ്ങൾ കേരളം ലക്ഷ്യമിടുകയാണ്. ആറ് മാസത്തിനിടെ നൂറോളം സ്ഥാപനങ്ങൾ പുതുതായെത്തി. സ്റ്റാര്‍ട്ടപ്പുകളുടെ വരവും ഉണര്‍വ്വുണ്ടാക്കിയിട്ടുണ്ടെന്ന് ജോണ്‍ എം തോമസ് പറയുന്നു.

കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് ബിരുദം നേടിയ ശേഷം അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്ന ജോണ്‍ എം തോമസ് കഴിഞ്ഞ മാര്‍ച്ചിലാണ് കേരളത്തിന്‍റെ ഐടി പാര്‍ക്കുകളുടെ തലവൻ ആയത്. നിര്‍ണായക ഐടി വികസന പദ്ധതികള്‍ നടക്കുന്ന ഈ സമയത്ത് അദ്ദേഹം സ്ഥാനമൊഴിഞ്ഞ് അമേരിക്കയ്ക്ക് മടങ്ങുന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാൻ ഇല്ലെന്നാണ് നിലപാട്.

YouTube video player