Asianet News MalayalamAsianet News Malayalam

സെറിബ്രല്‍ കാഴ്ചാ പ്രശ്‌നങ്ങള്‍ക്കുള്ള സമഗ്ര ചികിത്സ തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ആരംഭിച്ചു

സംസ്ഥാനത്ത് വളരെ കുറച്ച് ആശുപത്രികളിൽ മാത്രമാണ് ഈ ചികിത്സാ സൗകര്യമുള്ളത്. സെറിബ്രൽ കാഴ്ച വൈകല്യം (സിവിഐ) സംഭവിച്ച കുട്ടികൾക്ക് നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാൻ സെറിബ്രൽ വിഷ്വൽ ഇംപയർമെന്റ് ക്ലിനിക് സഹായിക്കും.

cerebral palsy  eye treatment started in thrissur medical college
Author
First Published Jan 13, 2023, 5:03 PM IST

തൃശൂർ: സർക്കാർ മെഡിക്കൽ കോളേജിൽ സെറിബ്രൽ വിഷ്വൽ ഇംപയർമെന്റ് ക്ലിനിക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പീഡിയാട്രിക്സ് വിഭാഗം, ഒഫ്താൽമോളജി വിഭാഗം, ആർ.ഇ.ഐ.സി. & ഓട്ടിസം സെന്റർ എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ഈ ക്ലിനിക് ആരംഭിച്ചത്. ഒഫ്താൽമോളജിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, പീഡിയാട്രീഷ്യൻ, ഇഎൻടി സർജൻ, ഫിസിയാട്രിസ്റ്റ് തുടങ്ങിയ മൾട്ടി ഡിസിപ്ലിനറി ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് വളരെ കുറച്ച് ആശുപത്രികളിൽ മാത്രമാണ് ഈ ചികിത്സാ സൗകര്യമുള്ളത്. സെറിബ്രൽ കാഴ്ച വൈകല്യം (സിവിഐ) സംഭവിച്ച കുട്ടികൾക്ക് നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാൻ സെറിബ്രൽ വിഷ്വൽ ഇംപയർമെന്റ് ക്ലിനിക് സഹായിക്കും. സെറിബ്രൽ കാഴ്ച വൈകല്യം മസ്തിഷ്‌കവുമായി ബന്ധപ്പെട്ടുള്ള കാഴ്ച വൈകല്യമാണ്. നേത്രരോഗപരമായ പരിശോധനകളാൽ കാഴ്ചയുടെ പ്രവർത്തനം കണ്ടെത്താൻ കഴിയാത്ത ഏതൊരു കുട്ടിയിലും സിവിഐ സംശയിക്കേണ്ടിയിരിക്കുന്നു. പ്രിമെച്യുരിറ്റി, സെറിബ്രൽ പാൾസി, ഹൈപ്പോക്‌സിക് ഇസ്‌കെമിക് എൻസെഫലോപ്പതി, ഡൗൺ സിൻഡ്രോം, ഹൈഡ്രോസെഫാലസ് തുടങ്ങിയ ന്യൂറോ സംബന്ധമായ വൈകല്യമുള്ള 20 മുതൽ 90 ശതമാനം വരെ കുട്ടികൾക്ക് ഈ രോഗത്തിന് സാധ്യതയുണ്ട്.

സിവിഐയുടെ നേരത്തെയുള്ള കണ്ടെത്തലും ശരിയായ ഇടപെടലും തലച്ചോറിൽ മാറ്റങ്ങൾക്ക് കാരണമാകും. ഇത് കാഴ്ച മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. തൃശൂർ മെഡിക്കൽ കോളേജിലെ ചൈൽഡ് ഹെൽത്ത് ബിൽഡിംഗ് ആർഇഐസി & ഓട്ടിസം സെന്ററിലാണ് ഈ ക്ലിനിക് പ്രവർത്തിക്കുക.

Follow Us:
Download App:
  • android
  • ios