പിഎസ്‍സി യോഗത്തിൽ സെക്രട്ടറിക്കെതിരെ ചെയർമാനും അംഗങ്ങളും രൂക്ഷവിമർശനം ഉന്നയിച്ചു. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പിഎസ്‍സി ചെയർമാന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ, പരീക്ഷാ തട്ടിപ്പുകളിൽ മൂന്ന് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു.

തിരുവനന്തപുരം: പിഎസ്‍സി യോഗത്തിൽ സെക്രട്ടറിയോട് അം​ഗങ്ങൾക്ക് വിയോജിപ്പ്. ചെയർമാനും ഒരു വിഭാഗം അംഗങ്ങളും സെക്രട്ടറിയെ വിമർശിച്ചു. സെക്രട്ടറി ലോക് ഭവനിൽ പോയത് ശരിയായില്ലെന്നാണ് വിമർശനം. അതേസമയം, ഗവർണർ വിളിച്ചാൽ പോകാതിരിക്കാൻ ആകുമോ എന്ന് സെക്രട്ടറി മറുപടി നൽകി. പരീക്ഷകളെക്കുറിച്ചുള്ള പരാതികളിൽ ഇടപെടുന്നതിന്റെ ഭാഗമായി അന്നത്തെ ഗവർണർ രാജേന്ദ്ര ആർലേക്കർ പിഎസ്‍സി സെക്രട്ടറി സാജു ജോർജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് സെക്രട്ടറിയെ വിളിച്ചു വരുത്തിയതല്ലെന്നും സ്വമേധയാ വിശദീകരണം നൽകിയതാണെന്നുമാണ് ലോക്ഭവൻ വിശദീകരിച്ചത്.

അതേസമയം, പിഎസ്‍സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്‍സി ചെയർമാന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. വരുന്ന ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതിൽ മൂന്ന് പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണവും അഞ്ച് പരാതികളിൽ പിഎസ്‍സി ആഭ്യന്തര വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി.

പരീക്ഷാ അട്ടിമറിയിലും ക്രമക്കേടുകളിലും ചെയർമാന്റെയോ മറ്റ് അംഗങ്ങളുടെയോ പങ്കിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷാ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളത്.