സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു, ഇന്ന് 7 ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അർണബ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് കരതൊടും. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് 7 ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതി,ട്ട ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. ഇ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെമുതൽ സംസ്ഥാനത്ത് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അർണബ് ചുഴലിക്കാറ്റായി മാറിയിട്ടുണ്ടെങ്കിലും നിലവിൽ കേരളത്തിന് വലിയ ഭീഷണിയല്ലെന്നാണ് വ്യക്തമാകുന്നത്. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ കാലാവസ്ഥ മോശമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ 'അർണബ്' ചുഴലിക്കാറ്റ്
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം 'അർണബ്' ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും നിലകൊള്ളുന്ന അർണബ് മറ്റന്നാൾ ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന അർണബ്, ഇന്ന് അർദ്ധരാത്രിയോടെ കടുത്ത ചുഴലിക്കാറ്റായും ഒക്ടോബർ 27 ഓടെ അതിതീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കും. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന അർണബ് ചുഴലിക്കാറ്റ് ഒക്ടോബർ 28 ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തുകൂടി കരതൊടുമെന്നാണ് പ്രതീക്ഷ. നിലവിൽ ഗോപാൽപൂരിൽ നിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ് ഇതിന്റെ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചിലപ്പോൾ 140 കിലോമീറ്റർ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽ അർണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക






