തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തി വിവാദത്തിലായ ചൈത്ര തെരേസ ജോണിന് പുതിയ ചുമതല. ഭീകരവിരുദ്ധസേന മേധാവിയായി ചൈത്രയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ഈ സ്ഥാനത്ത് എത്തുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ് ചൈത്ര. നിലവിൽ വനിതാ ബറ്റാലിയന്റെ ചുമതലയായിരുന്നു ചൈത്രയ്‌ക്ക് ഉണ്ടായിരുന്നത്. 

തിരുവനന്തപുരം ഡിസിപിയായി ചുമതലയുണ്ടായിരുന്ന സമയത്ത് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയെ കണ്ടെത്തുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയത് വൻ വിവാദമായിരുന്നു. ചൈത്രക്കെതിരെ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചൈത്രക്ക് അനുകൂലമായി അന്വേഷണ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ നടപടി മാറ്റി വയ്ക്കുകയായിരുന്നു. 

സംഭവത്തിന് ശേഷം ഇപ്പോഴാണ് ചൈത്രക്ക് സ്ഥാനചലനം ഉണ്ടാകുന്നത്. 2015 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോൺ ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ്.