വളരെ വേദനിപ്പിക്കുന്ന സംഭവമാണെന്ന് മന്ത്രി വീണാ ജോർജ്ജും പറഞ്ഞു. കുട്ടിയെ തിരിച്ച് ലഭിക്കും എന്നായിരുന്നു പ്രതീക്ഷ. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആലുവ: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം ദാരുണ സംഭവമെന്ന് മന്ത്രി പി രാജീവ്. പ്രതിയെ വേഗത്തിൽ പിടികൂടി. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്താണ് പ്രതിയുടെ ലക്ഷ്യം എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന സംഭവമാണെന്ന് മന്ത്രി വീണാ ജോർജ്ജും പറഞ്ഞു. കുട്ടിയെ തിരിച്ച് ലഭിക്കും എന്നായിരുന്നു പ്രതീക്ഷ. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കേസിൽ കൂടുതൽ പ്രതികരണവുമായി ഡിഐജി ശ്രീനിവാസ് രംഗത്തെത്തി. ആറുമണിക്ക് പ്രതി അടിപിടി കൂടുമ്പോൾ കുട്ടി കൂടെയില്ലെന്ന് ഡിഐജി ശ്രീനിവാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റാരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. കൊലപാതകത്തെ കുറിച്ച് കൂടുതൽ പറയാനാവില്ല. കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ട്. എന്നാൽ പീഢനം നടന്നോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും ഡിഐജി പറഞ്ഞു.
അതേസമയം പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്പി വ്യക്തമാക്കി. കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, അസ്ഫാക് ആലത്തെ ആലുവ മാർക്കറ്റിൽ തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പൊലീസ് മടങ്ങി. വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടു കൂടി പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. പൊലീസ് വാഹനം ജനങ്ങൾ തടഞ്ഞതോടെ പ്രതിയുമായി പൊലീസ് മടങ്ങുകയായിരുന്നു.
