കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഇടക്കാല ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഹൈക്കോടതി നിഷാമിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിഷാമിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി വിജയഭാനു ഹൈക്കോടതിയിൽ ഹാജരായി.

മൂന്നു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം, ദിവസവും പൊലീസ് സ്റ്റേഷനിൽ ഒപ്പിടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. 2015 ജനവരി 29ന് പുലര്‍ച്ചെ മൂന്നോടെയാണ് ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുന്നത്.

തുടർന്ന് 19 ദിവസത്തെ ചികിത്സ ഫലിക്കാതെ ഫെബ്രുവരി 16ന് ചന്ദ്രബോസ് അമല ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. കേസിൽ മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വർഷത്തെ തടവുശിക്ഷയുമാണ് ലഭിച്ചത്.