ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. നോയല്‍ ടാറ്റയുടെ ശക്തമായ വിയോജിപ്പുകളെത്തുടര്‍ന്ന് ഫെബ്രുവരിയിലെ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായില്ല.  

ടാറ്റാ ഗ്രൂപ്പിന്റെ അമരത്ത് എന്‍. ചന്ദ്രശേഖരന്‍ തുടരുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം മുറുകുന്നു. ഫെബ്രുവരി 24-ന് നടന്ന ടാറ്റാ സണ്‍സ് ബോര്‍ഡ് യോഗത്തില്‍ ചന്ദ്രശേഖരന് അഞ്ചുവര്‍ഷം കൂടി കാലാവധി നീട്ടി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചു. ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ ഉന്നയിച്ച ശക്തമായ വിയോജിപ്പുകളെത്തുടര്‍ന്നാണിത്. ഇതോടെ, വന്‍കിട വ്യവസായ ഗ്രൂപ്പിന്റെ ഭാവി തീരുമാനിക്കുന്ന ജൂണിലെ ബോര്‍ഡ് യോഗത്തിലേക്ക് ഉറ്റുനോക്കുകയാണ് നിക്ഷേപകരും ബിസിനസ് ലോകവും.

നോയല്‍ ടാറ്റയുടെ വിയോജിപ്പ് എന്തിന്?

ചന്ദ്രശേഖരന്റെ കാലാവധി നീട്ടി നല്‍കുന്നതിലുപരി, ടാറ്റ ഗ്രൂപ്പിലെ അധികാര ഘടനയെയും പണം ചെലവാക്കുന്ന രീതിയെയും സംബന്ധിച്ച ഗൗരവകരമായ ചോദ്യങ്ങളാണ് നോയല്‍ ടാറ്റ ഉയര്‍ത്തിയത്. എയര്‍ ഇന്ത്യ, ടാറ്റ ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ് നിര്‍മ്മാണം തുടങ്ങിയ പുതിയ സംരംഭങ്ങള്‍ വന്‍ നഷ്ടമുണ്ടാക്കുന്നതില്‍ ഗ്രൂപ്പിന് ആശങ്കയുണ്ട്. 2025-ല്‍ ചന്ദ്രശേഖരന്‍ സമര്‍പ്പിച്ച ബിസിനസ് പ്ലാന്‍ ഇപ്പോള്‍ പ്രസക്തമല്ലെന്നാണ് വിലയിരുത്തല്‍. നഷ്ടത്തിലുള്ള കമ്പനികളെ എങ്ങനെ ലാഭത്തിലാക്കും എന്നതിന് കൃത്യമായ മാര്‍ഗരേഖ വേണമെന്ന് നോയല്‍ ടാറ്റ ആവശ്യപ്പെട്ടു. 2017-ല്‍ ചുമതലയേറ്റെടുത്ത ശേഷമുള്ള ചന്ദ്രശേഖരന്റെ ആദ്യ അഞ്ചുവര്‍ഷം മികച്ചതായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.

അധികാരം ട്രസ്റ്റിന്റെ കൈകളില്‍

ടാറ്റാ സണ്‍സിന്റെ നിയമാവലിയിലെ 'ആര്‍ട്ടിക്കിള്‍ 121എ' പ്രകാരം ചെയര്‍മാനെ നിയമിക്കുന്നതിനോ കാലാവധി നീട്ടുന്നതിനോ ടാറ്റാ ട്രസ്റ്റ് നാമനിര്‍ദ്ദേശം ചെയ്ത ഡയറക്ടര്‍മാരുടെ പിന്തുണ അനിവാര്യമാണ്. നിലവില്‍ ബോര്‍ഡിലുള്ള നോയല്‍ ടാറ്റ, വേണു ശ്രീനിവാസന്‍ എന്നിവര്‍ ഒരേപോലെ പിന്തുണച്ചാല്‍ മാത്രമേ ചന്ദ്രശേഖരന് പദവിയില്‍ തുടരാനാകൂ. ട്രസ്റ്റിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കില്ല.

വിപണി മൂല്യത്തിലെ വന്‍ ഇടിവ്

കഴിഞ്ഞ കുറച്ചു കാലമായി ഓഹരി വിപണിയില്‍ ടാറ്റ കമ്പനികള്‍ക്ക് തിരിച്ചടി നേരിടുന്നുണ്ട്. 2025-ല്‍ മാത്രം ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ആകെ വിപണി മൂല്യത്തില്‍ ഏകദേശം 3 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. ചന്ദ്രശേഖരന്റെ രണ്ടാം ഊഴം തുടങ്ങിയ 2022 ഫെബ്രുവരിക്ക് ശേഷം നിഫ്റ്റി സൂചിക 30.4 ശതമാനം വളര്‍ച്ച നേടിയപ്പോള്‍, ഗ്രൂപ്പിലെ പ്രമുഖ കമ്പനിയായ ടിസിഎസിന്റെ ഓഹരി വില 33 ശതമാനം ഇടിഞ്ഞു.

ഐപിഒ വിവാദം

ടാറ്റാ സണ്‍സിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനോട് നോയല്‍ ടാറ്റയ്ക്ക് താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റാ സണ്‍സില്‍ 18.38 ശതമാനം ഓഹരിയുള്ള ഷാപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന് തങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് പണം കണ്ടെത്താന്‍ ഈ ലിസ്റ്റിംഗ് സഹായകമാകുമായിരുന്നു. എന്നാല്‍ ടാറ്റാ സണ്‍സിനെ ഒരു പബ്ലിക് കമ്പനിയാക്കുന്നതിനോട് ഗ്രൂപ്പ് നേതൃത്വത്തിന് യോജിപ്പില്ല. നഷ്ടത്തിലുള്ള ബിസിനസുകള്‍ ഒന്നുകില്‍ ലാഭത്തിലാക്കുക, അല്ലെങ്കില്‍ അവ ഉപേക്ഷിക്കുക എന്ന കര്‍ശന നിലപാടിലാണ് ട്രസ്റ്റ് പ്രതിനിധികള്‍. ജൂണില്‍ നടക്കുന്ന യോഗത്തില്‍ ചന്ദ്രശേഖരന്‍ സമര്‍പ്പിക്കുന്ന പുതിയ ബിസിനസ് പ്ലാന്‍ ടാറ്റയുടെ ഭാവിയില്‍ നിര്‍ണ്ണായകമാകും.