Asianet News MalayalamAsianet News Malayalam

മതത്തെ മറയാക്കി രക്ഷപ്പെടേണ്ട; സിപിഎമ്മിന് താക്കീതുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക

ഏഴ് മാസം കൂടി മന്ത്രിക്കസേരയിലിരിക്കാൻ എത്രവേണമെങ്കിലും തരം താഴും ജലീലെന്നും ലീ​ഗ് മുഖപത്രം വിമർശിക്കുന്നു. 

chandrika news paper against CPIM
Author
Kozhikode, First Published Sep 19, 2020, 8:54 AM IST

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ എൻഐഎയും എൻഫോഴ്സ്മെൻ്റും മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്ത സംഭവത്തിൽ മതം ചർച്ചയാക്കാനുള്ള ശ്രമത്തിൽ രൂക്ഷവിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം ചന്ദ്രിക. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇടതുപക്ഷവും സിപിഎമ്മും ഉൾപ്പെട്ട ഊരാക്കുടുക്കിൽ നിന്നും രക്ഷപ്പെടാനുള്ള പതിനെട്ടാമത്തെ അടവാണ് ഖുർആൻ വിവാദമെന്നും ചന്ദ്രികയുടെ മുഖപ്രസംഗം ആക്ഷേപിക്കുന്നു. 

ദേശാഭിമാനിയിൽ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനം വീണു കിട്ടിയ അധികാരം നിലനിർത്താനും നാല് വോട്ട് പിടിക്കാനും വേണ്ടിയുള്ള അവസാനത്തെ അടവ് മാത്രമാണ്. കള്ളക്കടത്ത് കേസിൽ കസ്റ്റംസ് കേസെടുക്കുകയും എൻഐഎയും എൻഫോഴ്സ്മെൻ്റും ചോദ്യം ചെയ്തിട്ടും കെടി ജലീൽ രാജിവയ്ക്കാത്തത് പുഴുത്തു നാറിയ അധികാരമോഹം കൊണ്ടു മാത്രമാണെന്നും ഏഴ് മാസം കൂടി മന്ത്രിക്കസേരയിലിരിക്കാൻ എത്രവേണമെങ്കിലും തരം താഴും ജലീലെന്നും ലീ​ഗ് മുഖപത്രം വിമർശിക്കുന്നു. 

സ്വർണക്കള്ളക്കടത്തിൽ കൈയ്യോടെ പിടികൂടപ്പെട്ട ശിവശങ്കറിനേയും സ്വപ്ന സുരേഷിനേയും ആദ്യം സംരക്ഷിക്കുകയും പിന്നെ തള്ളിപ്പറയുകയും ചെയ്ത സിപിഎമ്മും സർക്കാരും ഇപ്പോൾ ജലീലിന് വേണ്ടിയാണ് പഴി മുഴുവൻ വാങ്ങുന്നത്. ഈ വിവാദങ്ങളിലേക്ക് ഖുർ ആനെ വലിച്ചിഴക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത് കൗതുകകരമാണ്. യുഡിഎഫും അതിൻ്റെ നേതാക്കളും മുസ്ലീംലീ​ഗും ഖു‍ർ ആനെതെരിയാണ് എന്ന് സ്ഥാപിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 

ഖു‍ർആനും ഈന്തപ്പഴവും മറ്റു പലതും സ്വ‍ർണക്കള്ളക്കടത്തിനായി പ്രതികൾ ഉപയോ​ഗപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ചാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നത്. എന്നാൽ ഖു‍ർ ആനെക്കുറിച്ച് മാത്രം സംസാരിക്കുന്ന സിപിഎം നേതാക്കളുടെ ലക്ഷ്യം മതവികാരം ചൂഷണം ചെയ്യുക എന്നത് മാത്രമാണെന്നും ചന്ദ്രിക വിമ‍ർശിക്കുന്നു. 

Follow Us:
Download App:
  • android
  • ios