വിടി ബൽറാമിൻ്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ
കോഴിക്കോട്: കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്തുനിന്നുള്ള വിടി ബൽറാമിൻ്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. വിടി ബൽറാമിൻ്റെ രാജിയിൽ കെപിസിസി പ്രസിഡൻ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ചെറിയൊരു പാളിച്ച വന്നതായിരിക്കാം, എന്താണെന്നറിയില്ല. അത് പാർട്ടി നോക്കിക്കോളുമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം സംബന്ധിച്ച് പാർട്ടി തീരുമാനിക്കും. പാർട്ടിയാണ് അത് തീരുമാനിക്കുക. പാർട്ടിക്കാര്യങ്ങൾ പാർട്ടിക്കുള്ളിൽ തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കുന്നംകുളത്തെ സുജിത്തിനെ പൊലീസ് മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങൾ നമ്മളെല്ലാം കണ്ടു. സർക്കാർ ആദ്യം ചെയ്യേണ്ടത് ഇവരെ പുറത്താക്കുകയാണ്. വടകരയിൽ നടന്ന സംഭവം എല്ലാവരും കണ്ടതാണ്. ഷാഫിയെ ആക്രമിക്കാൻ ശ്രമിച്ചു. അതിനെതിരെ പ്രതിഷേധിച്ചവരെ ആക്രമിക്കാൻ വഴിയൊരുക്കി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടി ദുൽഖിഫിലിനെ മർദിക്കാൻ സിപിഎംകാർക്ക് വഴി ഒരുക്കിയത് പൊലീസാണ്. ദുൽഖിഫിൻ്റെ കാര്യത്തിൽ കൃത്യമായ സിസിടിവി ഉണ്ട്. കേരളത്തിൻ്റെ മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിക്കുന്നില്ല. കുന്നംകുളത്തും നടപടിയില്ല. ആ പൊലീസുകാർ പൊലീസ് സേനയ്ക്ക് നാണക്കേടാണ്. ദുൽഖിഫിലിൻ്റെ കാര്യത്തിലും കുറ്റകരമായ നടപടിയാണ് പൊലീസ് സ്വീകരിച്ചത്. ദുൽഖിഫിൽ സംസ്ഥാന നേതാവാണ്. ആക്രമണമുണ്ടായപ്പൊൾ കൂട്ടുനിൽക്കാനും മറച്ചുവക്കാനും പൊലീസ് ശ്രമിച്ചു. അടിയന്തരമായ നടപടി സ്വീകരിക്കണം. വൺവേ തെറ്റിച്ചു എന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. വൺവേ തെറ്റിച്ചോ എന്ന് നിങ്ങൾ നോക്കൂ. വൺവേ തെറ്റിച്ചെന്ന് കാണിച്ച് ദുൽഖിഫിൻ്റെ വാഹനത്തിൻ്റെ കീ പൊലീസ് ഊരി വാങ്ങി. കോഴിക്കോട്ടെ കേസിലും കുന്നംകുളത്തെ കേസിലും കൃത്യമായ നടപടി വേണം. ഞങ്ങളാരെയും സ്കെച്ച് ഇടുന്നില്ല. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.



