പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
കോട്ടയം: പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരലക്ഷം കവിയുമെന്ന് ചെറിയാൻ ഫിലിപ്. ഉമ്മൻ ചാണ്ടിയോടുള്ള ആദരവും ഭരണവിരുദ്ധ വികാരവും എൽഡിഎഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒരാഴ്ചയായി പുതുപ്പള്ളിയിലെ വിവിധ ജനവിഭാഗങ്ങളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞു. 'ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യ ശാന്തി നേരാൻ അദ്ദേഹത്തിന്റെ ജീവിക്കുന്ന സ്മാരകമായ ചാണ്ടി ഉമ്മനെ അരലക്ഷത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിക്കാർ വിജയിപ്പിക്കും'- എന്നായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ വാക്കുകൾ.
കുറിപ്പിങ്ങനെ...
ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരാൻ അദ്ദേഹത്തിന്റെ ജീവിക്കുന്ന സ്മാരകമായ ചാണ്ടി ഉമ്മനെ അരലക്ഷത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിക്കാർ വിജയിപ്പിക്കും. ഒരാഴ്ചയായി പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തുകളിൽ വിവിധ ജനവിഭാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്.
2001 ൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ഒരാൾ എന്ന നിലയിൽ ഈ മണ്ഡലത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ഘടനയും പൊതുസ്വഭാവവും നന്നായറിയാം. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ വമ്പിച്ച ആദരവും , തിളച്ചു നിൽക്കുന്ന ഭരണ വിരുദ്ധ വികാരവും രണ്ടു തരംഗമായി ബാലറ്റിൽ പ്രതിഫലിക്കും. ഇതോടെ എൽ. ഡി.എഫ് സർക്കാരിന്റെ മരണമണി മുഴങ്ങും.
Read more: 'കോൺഗ്രസ് പാർട്ടിയെ ചതിച്ചിട്ടില്ല'; വിയോജിപ്പ് രേഖപ്പെടുത്തിയാൽ വിമതനാകില്ലെന്നും ശശി തരൂർ
അതേസമയം, പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾ എല്ലാം ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോയിൽ പങ്കുചേരും.
ഉച്ചയ്ക്ക് 12 മണിയോടെ തോട്ടയ്ക്കാട് നിന്നാകും ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ തുടങ്ങുക. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് റോഡ് ഷോയിലൂടെയാവും പ്രചാരണം അവസാനിപ്പിക്കുക. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക. സെപ്തംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.
