ലീഗ് പ്രവർത്തകർക്കെതിരെ നടപടി വേണമെന്നാണ് പഞ്ചായത്ത് പ്രസിഡൻ്റിന്‍റെ ആവശ്യം. എസ് സി വിഭാഗത്തിൽപ്പെട്ട തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി ആരോപിക്കുന്നത്.
കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ചാണകവെള്ളം തളിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ ശുദ്ധികലശം നടത്തിയ സംഭവത്തിൽ പൊലീസിൽ പരാതി നൽകി പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി. ലീഗ് പ്രവർത്തകർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. എസ് സി വിഭാഗത്തിൽപ്പെട്ട തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നാണ് ഉണ്ണി വേങ്ങേരി പരാതിയിൽ ആരോപിക്കുന്നത്. സമീപ പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഇത്തരം പരിപാടി എവിടെയും നടത്തിയില്ല. താൻ ദളിത് വിഭാഗത്തിൽപ്പെട്ട ആളായത് കൊണ്ടാണ് ശുദ്ധീകരണം നടത്തിയതെന്നും ഇത് മനോവിഷമം ഉണ്ടാക്കിയെന്നും ഉണ്ണി വേങ്ങേരി പറയുന്നു.
അതേസമയം, ചങ്ങരോത്ത് പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ചാണകം തളിച്ച് ശുദ്ധികലശം നടത്തിയെന്നാരോപിച്ച് ചങ്ങരോത്ത് പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 14 പേർക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായ സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രതീകാത്മക ശുദ്ധീകരണം വിവാദത്തിൽ
കഴിഞ്ഞ തവണ നഷ്ടപ്പെട്ട ചങ്ങരോത്ത് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിന് പിന്നാലെ നടന്ന വിജയാഹ്ലാദപ്രകടനത്തിനിടയിലാണ് മുസ്ലിം ലീഗ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചാണക വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയത്. ചാണക വെള്ളം തളിച്ച് പഞ്ചായത്ത് ശുദ്ധീകരിച്ചെന്ന അടിക്കുറിപ്പോടെ ഇത് സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചു. എസ് സി വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയെ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നു മുസ്ലിം ലീഗ് എന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. സംഭവത്തിൽ മനോവിഷമമുണ്ടെന്നും ദളിത് സമൂഹത്തെയാണ് ലീഗ് ആക്ഷേപിച്ചതെന്നും ഉണ്ണി വെങ്ങേരി പ്രതികരിച്ചു.
എന്നാൽ, ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു ലീഗ് പ്രതികരണം. അഴിമതി നിറഞ്ഞ ഭരണ സമിതിയെ പുറത്താക്കി പഞ്ചായത്ത് ശുദ്ധീകരിച്ചതിന്റെ പ്രതീകാത്മക ആഘോഷമാണ് നടത്തിയതെന്നു ലീഗ് നേതൃത്വം വിശദീകരിച്ചു. ആർക്കെങ്കിലും മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. 20 സീറ്റുകളുള്ള പഞ്ചായത്തിൽ ഇത്തവണ ഒറ്റ സീറ്റിൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്..


