തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ഒമ്പത് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപാത കേസിലെ കുറ്റപത്രമാണ് നൽകിയതെന്നും ഗൂഢാലോചനാ കേസിൽ അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷാണ് കുറ്റപത്രം നൽകിയത്. 

ഉത്രാട ദിവസം രാത്രിയാണ് വെഞ്ഞാറമ്മൂട്ടിലെ ഡിവൈഎഫ്‌ഐ നേതാക്കളായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടുകയുമായിരുന്നു. സജീബ്, സനൽ, ഉണ്ണി, അൻസർ എന്നിവരാണ് കേസിൽ പ്രധാന പ്രതികൾ. 

കോൺഗ്രസ്-സിപിഎം രാഷ്ട്രീയതര്‍ക്കങ്ങളാണ് രണ്ട് ഡിവൈഎഫ്ഐ പ്രവ‍ത്തകരുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ തുടങ്ങിയ കൈയാങ്കളിയിൽ നിന്നാണ് വൈരാഗ്യം തുടങ്ങിയത്. കോണ്‍ഗ്രസ് പ്രവ‍ര്‍ത്തകരാണ് കേസിലെ പ്രതികൾ.