തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 19 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കുറ്റപത്രം. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായിരുന്ന ശിവ രഞ്ജിത്,നസീം എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.

തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിലാണ് അന്വേഷണ സംഘം 136 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. വധശ്രമം, ആത്മഹത്യാ പ്രേരണ തുടങ്ങി പത്തു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റപത്രത്തിൽ ഉള്ളത്. ബിരുദ വിദ്യാർത്ഥിയായ അഖിൽ ചന്ദ്രന്റെ കൂട്ടുകാരൻ കോളേജിലെ ആഡിറ്റോറിയത്തിൽ ഇരുന്നത് പ്രതികൾ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. 

തുടർന്ന് പ്രതികൾ ചേർന്ന് ഈ വിദ്യാർത്ഥിയെ മർദ്ദിച്ചു. ഇതിനെതിരെ അഖിലിൽ മുൻകൈയെടുത്ത ക്യാമ്പസിൽ പ്രകടനം നടത്തി, ബൈക്ക് നശിപ്പിച്ചു എന്ന കുറ്റത്തിന് പ്രതികൾക്കെതിരെ അഖിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടി പ്രതികളെ ശാസിച്ചതും വൈരാഗ്യത്തിന് കാരണമായി എന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിലെ പത്തൊൻപത് പ്രതികളും നിലവില്‍ ജാമ്യത്തിലാണ്. കേസിൽ യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽ അടക്കം 23 പേർ സാക്ഷികളാണ്. കന്റോൺമെന്റ് സിഐ ആണ് കുറ്റപത്രം സമർപ്പിച്ചത്.