കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. മെഡിക്കൽ കോളജ് സി ഐ ഹരിലാലിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ കുറ്റപത്രം നൽകി. മനോരമയെന്ന വൃദ്ധയെ മോഷണ ശ്രമത്തിനിടെയാണ് ഇതരസംസ്ഥാന തൊഴിലാളിയായ ആദം അലി കഴുത്തറത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. മെഡിക്കൽ കോളജ് സി ഐ ഹരിലാലിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഓഗസറ്റ് ഏഴിനാണ് മനോരമയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം തുടങ്ങുന്നത്. വീടിന് സമീപത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയതോടെയാണ് തൊട്ടടുത്ത് വീട് നിർമ്മാണത്തിനെത്തിയ ആദം അലിയിലേക്ക് അന്വേഷണം നീങ്ങുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
മനോരമ വധക്കേസിലെ തെളിവെടുപ്പിനിടെ പ്രതി ആദം അലി കുറ്റം സമ്മതിച്ചിരുന്നു. മനോരമ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് വീട്ടിൽ എത്തിയതെന്നും വീടിന്‍റെ പിൻവശത്ത് വെച്ചാണ് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ചെമ്പരത്തി ചെടിയിൽ നിന്ന് പൂ പറിക്കുകയായിരുന്ന മനോരമായെ പിന്നിൽ നിന്ന് ആദം അലി ആക്രമിക്കുകയായിരുന്നു. കഴുത്തിൽ കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നും ആദം അലി പൊലീസിനോട് പറഞ്ഞു. എന്നാല്‍ സ്വർണാഭരണങ്ങൾ മോഷ്ടിച്ചില്ലെന്നായിരുന്നു പ്രതി ആദം അലിയുടെ മൊഴി. ഇതിന് പിന്നാലെയാണ് ബന്ധുകൾ മനോരമയുടെ വീട്ടിൽ പരിശോധന നടത്തിയത്. ഗുളികയും സ്വർണവും ഒരു ബാഗിൽ അടുക്കളയിൽ മനോരമ സുരക്ഷിതമായി വച്ചിരുന്നു.
വീടിന്‍റെ പിന്നിൽ നിൽക്കുകയായിരുന്ന മനോരമയോട് ചെമ്പരത്തിപ്പൂക്കൾ തരാമോ എന്ന് ചോദിച്ചാണ് പ്രതി അടുത്തെത്തിയത്. തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് കഴുത്തറക്കാൻ ശ്രമിച്ചപ്പോൾ മനോരമ ഉച്ചത്തിൽ നിലവിളിച്ചു. തുടർന്ന് സാരിത്തുമ്പ് കൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് മൃതദേഹം എങ്ങനെ മതിൽ ചാടി കിണറ്റിൽ എത്തിച്ചു എന്നുള്ളത് പ്രതി പൊലീസിന് കാട്ടി കൊടുത്തു.
