തൃശ്ശൂര്‍: ചാവക്കാട് കൊലപാതകം എസ്ഡിപിഐ ആസൂത്രിതമായി നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് എസ്ഡിപിഐയോട് മൃദുസമീപനമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകികളെ പിടികൂടാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. പൊലീസിന്‍റെ വീഴ്ചയാണ് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ കൊലപാതകം ആവര്‍ത്തിക്കാന്‍ കാരണം. എസ്ഡിപിഐയെ നിയമപരമായി നേരിടണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു. 

കേരള രാഷ്ട്രീയത്തിൽ പുതിയ അക്രമികൾ ഉയർന്ന് വരികയാണെന്നാണ് കെ സുധാകരൻ എംപി  പ്രതികരിച്ചത്. എസ്ഡിപിഐ യുടെ ഭീകരതയെ ചെറുക്കാൻ ഭരണകൂടം നടപടി സ്വീകരിക്കണം.  കൊലപാതകികളെ മാത്രമല്ല, ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

ഇന്നലെയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇവരിലൊരാള്‍ ഇന്ന് മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. ബിജേഷ്, നിഷാദ് സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.