ചവറ: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ആയതോടെ ചവറയിൽ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ സജീവമാക്കി മുന്നണികൾ. അപ്രതീക്ഷിത പ്രഖ്യാപനം ആയിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് ഒരു ആശയക്കുഴപ്പവും ഇല്ലെന്നാണ് യുഡിഎഫ് പറയുന്നത്. മുൻ മന്ത്രി ഷിബു ബേബി ജോൺ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും ഉറപ്പായി. ഒമ്പതാം തീയതിക്ക് മുന്പേ മുന്നണിയോഗം ചേർന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും നേതാക്കൾ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ആണ് യുഡിഎഫ് പ്രതീക്ഷ. 

സി എം പി സ്ഥാനാര്‍ത്ഥിയായി  മത്സരിച്ച് പിന്നിട് സിപിഎമ്മിനൊപ്പം കൂടിയ ചവറ എന്‍  വിജയന്‍ പിള്ളയുടെ മരണത്തെ തുടര്‍ന്നാണ് നിയമസഭാമണ്ഡലം  ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. .1977 ല്‍ മണ്ഡലം രൂപികരിച്ചതിന് ശേഷം  ഇടത് വലത്  പക്ഷങ്ങളെ മാറി മാറി പിന്‍തുണച്ച സ്വഭാവമാണ്  ചവറയിയിലെ  വോട്ടര്‍മാര്‍ക്ക് ഉള്ളത്. കഴിഞ്ഞ തവണ 6189 വോട്ടുകള്‍ക്കാണ് വിജയന്‍ പിള്ള  മുന്‍ മന്ത്രി ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയത് . മുന്‍  എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയന്‍ ചവറ ഏരിയ സെക്രട്ടറി മനോഹരന്‍ എന്നിവരുടെ പേരുകളാണ്  ഇടതുമുന്നണി പരിഗണിക്കുന്നത്. 

എന്‍ഡിഎ യോഗവും ഉടന്‍  ചേരുമെന്നാണ് നേതാക്കൾ പറയുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആയിരിക്കും മത്സരിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വളരെ നേരത്തെ തന്നെ വാർഡ് തല പ്രവ‍‍ർത്തനം തുടങ്ങിയെന്നാണ്  ബജെപി നേതാക്കള്‍ പറയുന്നത്. അഞ്ച് പഞ്ചായത്തുകളും കൊല്ലം കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളും ചേരുന്ന ചവറ മണ്ഡലത്തില്‍  തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഇടതുമുന്നണിക്കാണ് മേല്‍കൈ