കൊല്ലം: ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആർഎസ്‍പി ഇതര എംഎൽഎ ആണ് എൻ.വിജയൻ പിള്ള. ആര്‍എസ്പി നേതാവായിരുന്ന അച്ഛന്റെ പാത പിന്‍തുടര്‍ന്നാണ് വിജയൻ പിള്ള രാഷ്ട്രീയത്തിലെത്തിയത്. 28-ാം വയസില്‍ രാഷ്ട്രീയത്തിലെ ആദ്യ അങ്കം. പഞ്ചായത്ത് അംഗമായി ഇരുപത്തിയൊന്ന് വര്‍ഷം ആസ്ഥാനത്ത് തുടര്‍ന്നു. പിന്നീട് കോണ്‍ഗ്രസ് ടിക്കറ്റില്‍ 2000 ത്തില്‍ ജില്ലാ പഞ്ചായത്തിലേക്കും ജയിച്ചു കയറി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിഎംപി അരവിന്ദാക്ഷ വിഭാഗത്തിന് ലഭിച്ച സീറ്റില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ചു. 6189 വോട്ടിന് മുൻ മന്ത്രി ഷിബു ബേബി ജോണിനെ അട്ടിമറിച്ചു. പിന്നീട് പാര്‍ട്ടി സിപിഎമ്മില്‍ ലയിച്ചു. ആർഎസ്‍പിയുടെ ബ്രാഞ്ച് തലം മുതൽ പ്രവർത്തിച്ച പിള്ള ചവറ മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ബേബി ജോണിന്‍റെ തെര‍ഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് വിജയൻ പിള്ളയായിരുന്നു.

ബേബി ജോണിന്റെ മരണ ശേഷം ആര്‍എസ്‍പിയില്‍ നിന്നു കോണ്‍ഗ്രസിലെത്തി. കെ കരുണാകരനോട് അടുത്തു നിന്ന അദ്ദേഹം ഡിഐസിയിലുമെത്തി. കരുണാകരൻ കോണ്‍ഗ്രസിലേക്ക്  തിരികെ പോയപ്പോൾ വിജയൻ പിള്ളയും വീണ്ടും കോണ്‍ഗ്രസിലെത്തി. രാഷ്ട്രീയത്തിനൊപ്പം വ്യവസായ രംഗത്തും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. സഹോദരങ്ങളുമായി ചേർന്ന് ഹോട്ടൽ ശൃംഖലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും വിജയൻ പിള്ള കെട്ടിപ്പൊക്കി.