കണ്ണൂർ: കണ്ണൂരിൽ ഒരു വീട്ടിലെ ഏഴ് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചതോടെ രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധിക്കാൻ തീരുമാനമായി. ഇവർക്ക് രോഗലക്ഷണങ്ങളില്ല എങ്കിലും നിരീക്ഷണത്തോടൊപ്പം സ്രവപരിശോധന നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം, കൊവിഡ് പരിശോധനയുമായി ചില സ്വകാര്യ ആശുപത്രികൾ സഹകരിക്കുന്നില്ലെന്നും ഇത് തുടർന്നാൽ കേസെടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഷാർജയിൽ നിന്നെത്തിയ 11 വയസുകാരനുമായുള്ള സമ്പർക്കം വഴി കുടുംബത്തിലെ എട്ട് പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ചെറുവാഞ്ചേരിയിലെ 17 അംഗ കൂട്ടുകുടുംബത്തിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളടക്കമുള്ളവർ‍ ആശുപത്രിയിലായി. ഇതിൽ ആദ്യം രോഗം സ്ഥിരീകരിച്ച 81 വയസുകാരൻ ഒരാഴ്ചയായി ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ തുടരുകയാണ്. ഇതോടെയാണ് കൊവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങളെ നിരീക്ഷിക്കുന്നതിനൊപ്പം രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും സ്രവപരിശോധന നടത്തണമെന്ന് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. 

അതേസമയം, മാഹി ചെറുകല്ലായി സ്വദേശിയായ 71 കാരന് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് സ്ഥിരീകരിക്കാനായില്ല. ഇയാൾ ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രികൾ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല എന്ന വിമർശനം ഉയർന്നിട്ടുണ്ട്. ജില്ലയിലെ പല സ്വകാര്യ ആശുപത്രികളിലും കൊവിഡ് സംശയമുള്ളവരെത്തുമ്പോൾ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടം പറയുന്നു. ഉത്തരവ് ലംഘിച്ചാൽ രണ്ട് കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി സ്വകാര്യ ആശുപത്രി അധികൃതർക്കെതിരെ കേസെടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.