കണ്ണൂര്‍: പൊലീസിനെ വിമര്‍ശിച്ചും അഭിനന്ദിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ മികവിനും, ദേശീയ തലത്തിലെ നേട്ടങ്ങൾക്കും പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അതേസമയം അഴിമതി കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ മറ്റിടങ്ങളില്‍ ന്യൂനപക്ഷങ്ങളും ദളിതരും വേട്ടയാടപ്പെടുമ്പോള്‍ സംസ്ഥാനത്ത് ഇവര്‍ സുരക്ഷിതരാണ്. ഇതില്‍ പൊലീസിന്‍റെ പങ്ക് വലുതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

കേരളത്തിലെ മത നിരപേക്ഷത തകർക്കാൻ ശ്രമം നടന്നു. ശബരിമലയില്‍ ഇത് കണ്ടതാണ്. പൊലീസിന് നേരെയുള്ള അത്രിക്രമമാണ് കാണാന്‍ കഴിഞ്ഞത്. അത് തിരിച്ചറിഞ്ഞ് ഇടപെടാൻ പൊലീസിന് കഴിഞ്ഞു. തേങ്ങ തോര്‍ത്തില്‍ കെട്ടി പൊലീസിനെ അടിച്ചു. സന്നിധാനത്ത് കലാപം ഉണ്ടാക്കാൻ ആയിരുന്നു ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായാൽ അത് ഗൗരവതരമാണ്. വാഹനാപകട മരണങ്ങൾ മൂലമുള്ള കേസുകളിൽ ചില വിരുതന്മാർ വിഹിതം വാങ്ങുന്നു. ഇത്തരക്കാര്‍ നല്ലോണം സൂക്ഷിക്കണമെന്നും സര്‍വ്വീസില്‍ കാണില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ചിലർ ചെയ്ത തെറ്റിന് എല്ലാവരും ക്രൂശിക്കപ്പെടുന്നു. ഇത്തരക്കാരെ കുറിച്ചു അറിഞ്ഞാൽ അവരെ തിരുത്തണം. മൂന്നാം മുറ നടത്തരുത് എന്നറിഞ്ഞിട്ടും ചിലർ ഇതിനു തുനിയുന്നു. 

ഒറ്റപ്പെട്ട സംഭവങ്ങൾ പോലും ഉണ്ടാകാൻ പാടില്ല. ശരിയായ കാര്യങ്ങൾക്ക് പൂർണ പിന്തുണയുണ്ട്. തെറ്റ് ചെയ്താൽ തെറ്റിന്‍റെ കാഠിന്യം നോക്കി നടപടിയുണ്ടാകും, ആര് എന്നത് പ്രശ്‌നമേയല്ല. അന്വേഷണ വിവരങ്ങൾ പുറത്ത് എത്തരുത്. ഇത് ചോർത്തലിന്‍റെ കാലമാണ്. ഇത് പ്രതികൾക്ക് സഹായകമാവും. ഉന്നതാരായാൽ എന്തുമാകാം എന്ന അവസ്ഥ കണ്ടു. പ്രമുഖൻ ആണെന്ന് കണ്ടു സംരക്ഷിക്കുന്ന ഏർപ്പാട് വേണ്ടെന്നും ഇത് യശസിനെ ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.