തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 96 പേർ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 432 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല.  196 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തത്. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഇന്ന് ഒരു കൊവിഡ് മരണവുമുണ്ടായി. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് മരിച്ചത്.  ഹൃദയാഘാതത്തെത്തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

പോസിറ്റീവായവരുടെ കണക്ക് ജില്ല തിരിച്ച്: തിരുവനന്തപുരം 157, കാസർകോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂർ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശ്ശൂർ 5, വയനാട് 5.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശ്ശൂർ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, വയനാട് 1, കണ്ണൂർ 10, കാസർകോട് 17. 

കഴിഞ്ഞ 24 മണിക്കൂറിൽ 14,444 സാമ്പിളുകൾ പരിശോധിച്ചു. 1,84,601 പേരാണ് നിരീക്ഷണത്തിലുള്ളത്. 4989 പേർ ആശുപത്രികളിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9553 പേർക്കാണ്. 602 പേരെ ഇന്ന് ആശുപത്രികളിലാക്കി. ഇപ്പോൾ ചികിത്സയിൽ 4880 പേരാണ് ഉള്ളത്. ഇതുവരെ ആകെ 2,60,356 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 7485 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇത് കൂടാതെ സെന്‍റിനൽ സർവൈലൻസ് വഴി 82,568 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 78,415 സാമ്പിളുകൾ നെഗറ്റീവായി.

ഹോട്ട്സ്പോട്ടുകളുടെ എണ്ണം 234 ആയി. 14 പ്രദേശങ്ങൾ പുതുതായി ഹോട്ട്സ്പോട്ടായി. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്ല പങ്കാണ് വഹിക്കുന്നത്. പ്രാദേശിക ഏകോപനം നടത്തുന്നത് ഇവരാണ്. ഇതിനായുള്ള ചെലവുകൾക്ക് ഒരു തടസ്സവും പാടില്ലെന്നാണ് സർക്കാർ നിലപാട്. 

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ രണ്ട് ഗഡു പ്ലാൻ ഫണ്ട് നൽകി. മൂന്നാം ഗഡു അടുത്തയാഴ്ച നൽകും. ക്വാറന്‍റീൻ, റിവേഴ്സ് ക്വാറന്‍റീൻ, ആശുപത്രികൾക്കുള്ള അധികസഹായം, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾക്കുള്ള സഹായം, കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പ് എന്നിവയ്ക്ക് ഡിപിസിയുടെ മുൻകൂർ അനുമതിയില്ലാതെ പ്ലാൻ ഫണ്ടിൽ നിന്ന് തുക ചെലവാക്കാം. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ട്രഷറിയിലുണ്ടാകും. ഇത്തരം പ്രോജക്ടുകൾ പിന്നീട് സാധൂകരിച്ചാൽ മതി. ഈ പണത്തിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദനീയമായ പ്രോജക്ടുകൾക്കുള്ള തുക റീ ഇംപേഴ്സ്മെന്‍റ് ലഭിക്കും. ഇതിനായി തദ്ദേശസ്വയം ഭരണ സെക്രട്ടറിമാർ വേണ്ട രേഖകൾ നൽകണം. ബാക്കിയുള്ള പണം പ്ലാൻ ഫണ്ടിന്‍റെ ഭാഗമായി അധികമായി അനുവദിക്കും. ദുരിതാശ്വാസനിധിയിൽ നിന്ന് ആവശ്യമായ പണം നൽകാൻ കളക്ടർമാർക്ക് നിർദേശം നൽകി. സിഎംഡിആർഎഫിൽ നിന്ന് ഈ പണം ലഭ്യമാക്കുന്നതുമാണ്.

കൊവിഡ് പ്രതിരോധത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പണപ്രതിസന്ധി പാടില്ല എന്ന് കരുതിയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇതനുസരിച്ച് പ്രതിരോധപ്രവർത്തനങ്ങളിൽ ഊർജസ്വലതയോടെ മുന്നോട്ട് പോകണം. ബ്രേക്ക് ദ ചെയ്ൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. ജീവന്‍റെ വിലയുള്ള ജാഗ്രത എന്നതാണ് മൂന്നാം ഘട്ട ക്യാമ്പെയിന്‍ പറയുന്നത്. രോഗികളിൽ 60 ശതമാനത്തോളം പേർ രോഗലക്ഷണമില്ലാത്തവരാണ്. ആരിൽ നിന്നും രോഗം പകരാം എന്നതാണ്. രോഗലക്ഷണമുള്ളവരെ കണ്ടാലറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ല. ഓരോരുത്തരും ദിവസവും സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിലിടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആരിൽ നിന്നും ആർക്കും രോഗം വന്നേക്കാം. അതിനാൽ ഒരാളിൽ നിന്നും രണ്ട് മീറ്റർ അകലം പാലിച്ച് സ്വയം സുരക്ഷിതവലയം തീർക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റർ അകലം ഉറപ്പാക്കണം. ഈ സുരക്ഷിതവലയത്തിൽ നിന്ന് മാസ്ക് ധരിച്ചും, സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചും കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആൾക്കൂട്ടം അനുവദിക്കരുത്. രോഗവ്യാപനത്തിന്‍റെ ഈ ഘട്ടത്തിൽ വലിയ തോതിൽ പലയിടത്തും മരണമുണ്ടാകുന്നു. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറയ്ക്കാനാകുന്നത് ജാഗ്രത കൊണ്ട് തന്നെയാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്‍റെ വിലയുണ്ട്. അതിനാൽ ജീവന്‍റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണം. വിവിധ ജില്ലകളിൽ രോഗബാധ കൂടുതലുള്ള മേഖലകളിൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നു. ഒരുമിച്ചുള്ള പ്രവർത്തനങ്ങളും പരിശോധനകളും ഉണ്ടാകുന്നു.

തിരുവനന്തപുരത്ത് സമ്പർക്കം മൂലം ഏറ്റവും കൂടുതൽ രോഗികളുള്ളത് മാണിക്യവിളാകം, പുത്തൻപള്ളി, പൂന്തുറയിലും പരിസരപ്രദേശങ്ങളിലുമാണ്. രോഗം സ്ഥിരീകരിച്ച 157 പേരിൽ 130 പേർക്കും സമ്പർക്കം വഴിയാണ് രോഗമുണ്ടായത്. 7 പേരുടെ ഉറവിടം അറിയില്ല. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ടായി. തലസ്ഥാനത്തെ സ്ഥിതി ഗൗരവതരമാണ്. രോഗികളുടെ എണ്ണം കൂടുന്നതിനാൽ അവർക്ക് മികച്ച ചികിത്സ നൽകാൻ പൂന്തുറ സെന്‍റ് തോമസ് സ്കൂളിൽ താൽക്കാലിക ആശുപത്രി സജ്ജമാക്കി. കൂടാതെ ഡെങ്കിപ്പനി പോലുള്ളവ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ജില്ലയിൽ ഇത് വരെ 32 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 15 പേരുടെ ഫലം വരാനുണ്ട്. ജില്ലയിൽ പുതിയ 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ തയ്യാറാക്കുന്നു. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും പരിസരവുമാണ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററാക്കുന്നത്.

ജില്ലയിലെ കൊവിഡ് രോഗികൾ കൂടിയതിനാലാണ് ഈ നടപടി. 500 മുതൽ 750 പേരെ വരെ ഒരേസമയം പാർപ്പിക്കാനാകുന്നതാണ് ഈ സംവിധാനം. ഇവിടെ സ്വാബ് കളക്ഷനുള്ള സൗകര്യമുണ്ട്. എറണാകുളം ആർസെനെക്സ് കൺവെൻഷൻ സെന്‍ററിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിലും ഈ സൗകര്യമുണ്ട്. എറണാകുളത്തെ ചെല്ലാനം, കീഴ്‍മാട്, ആലുവ പഞ്ചായത്തുകളാണ് രോഗബാധ കൂടിയ ഇടങ്ങൾ. ഇന്ന് രോഗം സ്ഥിരീകരിച്ച 72 പേരിൽ 64 പേരും സമ്പർക്കത്തിലൂടെ രോഗം വന്നവരാണ്. ഈ പ്രദേശത്ത് സമ്പൂർണ ലോക്ക്ഡൗണാണ്. ചെല്ലാനത്ത് ആകെ 544 സാമ്പിളുകൾ പരിശോധിച്ചതിൽ 70 ഫലങ്ങൾ പോസിറ്റീവായി. ആലുവയിൽ 514 പേരുടെ പരിശോധന നടത്തിയപ്പോൾ 59 പേരാണ് പോസിറ്റീവായത്. എറണാകുളം മാർക്കറ്റിൽ 152 സാമ്പിളുകൾ പരിശോധിച്ചു. 20 പോസിറ്റീവായി. ചെല്ലാനത്ത് കൊവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കാൻ മൊബൈൽ മെഡിക്കൽ ടീമിനെ ചുമതലപ്പെടുത്തി. എറണാകുളം മാർക്കറ്റിൽ ഒരു പരിധി വരെ രോഗവ്യാപനം തടയാനായി.

ഇടുക്കി രാജാക്കാട് മേഖലയിൽ സമ്പർക്ക രോഗവ്യാപനം കൂടുതലാണ്. അവിടെയാണ് മരണവുമുണ്ടായത്. ഇന്ന് 55 പേർക്ക് രോഗം ബാധിച്ചതിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല. കണ്ണൂരിൽ കൂത്തുപറമ്പ് വലിയവെളിച്ചത്തുള്ള സിഐഎസ്എഫ് ക്യാമ്പാണ് സമ്പർക്കം മൂലം രോഗം കൂടിയ മേഖല. വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. ഇതിനകം 70-ലേറെപ്പേർക്ക് രോഗം ഉണ്ടായി. എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് ക്വാറന്‍റീൻ ശക്തിപ്പെടുത്താൻ നിർദേശം നൽകി. കണ്ണൂർ കന്‍റോൺമെന്‍റ് ഏരിയയിലെ സെന്‍ററിലെ നാനൂറിലേറെ ഉദ്യോഗസ്ഥർക്കാണ് രോഗമുണ്ടായത്. ഇവിടെ ആറ് വാർഡുകൾ പൂർണമായും അടച്ചു. നൈറ്റ് കർഫ്യൂ നിലവിലുണ്ട്. ഇവരുടെ ചികിത്സയ്ക്ക് ആർമി ആശുപത്രിയിൽ സൗകര്യമുണ്ട്.

പാലക്കാട്ട് സമ്പർക്ക രോഗികൾ കൂടിയ ഇടങ്ങളോ ക്ലസ്റ്ററുകളോ ഇല്ല. തൃശ്ശൂർ ബിഎസ്എഫ് ക്യാമ്പ്, കുന്നംകുളം, ഇരിഞ്ഞാലക്കുട, തൃശ്ശൂർ കോർപ്പറേഷൻ, ചാവക്കാട്, വടക്കേക്കാട്, കുരിയച്ചിറ, പുറത്തുശ്ശേരി, ചാലക്കുടി എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്. കണ്ടെയ്ൻമെന്‍റ് സോൺ, പെരിമീറ്റർ ബഫർ സോണുകളായി തിരിച്ച് രോഗവ്യാപനം തടയാൻ നടപടിയെടുത്തു.

വയനാട്ടിൽ സമ്പർക്കരോഗബാധ സ്ഥിരീകരിച്ച കേസുകളില്ല. കൊവിഡ് ക്ലസ്റ്ററുകളുമില്ല. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം, മുള്ളങ്കൊല്ലി, പുൽപ്പള്ളി, തൊണ്ടർനാട്, മീനങ്ങാടി എന്നിവിടങ്ങളിൽ ക്ലസ്റ്റർ രൂപീകരണസാധ്യതയുണ്ട്. ഇവിടങ്ങളിൽ സമ്പർക്കത്തിലുള്ളവരെയെല്ലാം കണ്ടെത്തി വീടുകളിലോ സ്ഥാപനങ്ങളിലോ നിരീക്ഷണത്തിലാക്കി. രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തി ജില്ലയായതുകൊണ്ട് തന്നെ വലിയ ജാഗ്രത വയനാട്ടിൽ വേണം. മറ്റ് സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിൽ രോഗവ്യാപനമുണ്ട്. കാട്ടുപാത വഴി ജനങ്ങൾ പോകാതിരിക്കാൻ നടപടിയെടുത്തിട്ടുണ്ട്.

ചെക്ക്പോസ്റ്റുകളിൽ എത്തുന്ന വാഹനങ്ങൾ തിരിച്ചറിയാനും വഴിയിൽ തങ്ങുന്നത് തടയാനും ജില്ലാ പൊലീസ് വഴിക്കണ്ണ് എന്ന പേരിൽ വിവിധ വർണങ്ങളിൽ സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിലവിൽ കൂടുതൽ രോഗബാധ സ്ഥിരീകരിച്ച ഐടിബിപി നൂറനാട്, കായംകുളം നഗരസഭ, ചേർത്തല പള്ളിത്തോട്, എഴുപുന്ന എന്നീ പ്രദേശങ്ങളിൽ കർശനനിയന്ത്രണം തുടരും. ചേർത്തല താലൂക്കും, കായംകുളം നഗരസഭയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്‍റ് സോണുകളാണ്.

കാസർകോട് ജില്ലയിൽ സ്ഥിതി അൽപം രൂക്ഷമാകുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 74 പേരിൽ 48 പേർക്കും സമ്പർക്കം മൂലമാണ് രോഗം വന്നത്. ഒന്‍പത് പേരുടെ ഉറവിടമറിയില്ല. സമ്പർക്കം മൂലം ഏറ്റവും കൂടുതൽ രോഗം ഉള്ളത് ചെങ്ങള, മധൂർ പഞ്ചായത്തുകളിലാണ്. മൂന്നാംഘട്ടത്തിൽ ചെങ്ങളയിൽ 24 പേരും മധൂരിൽ 15 പേരും രോഗബാധിതരായി. കർണാടക സംസ്ഥാനത്ത് നിന്ന് ഊടുവഴികൾ വഴി ആളുകൾ അനധികൃതമായി കടന്നുവരുന്നുണ്ട്. ഈ സ‍ഞ്ചാരം തടയാൻ നടപടികളെടുത്തു.

കോഴിക്കോട്ട് 64 പേർക്ക് രോഗം വന്നതിൽ ഒരാൾ മാത്രമാണ് പുറത്തുനിന്ന് വന്നത്. 62 പേർക്ക് സമ്പർക്കം മൂലമാണ് രോഗം. ഒരാളുടെ ഉറവിടം അറിയില്ല. തൂണേരി, നാദാപുരം പഞ്ചായത്തുകളിലാണ് കൂടുതൽ സമ്പർക്കരോഗികളുള്ളത്. രണ്ട് പേരിൽ നിന്നാണ് ഇവിടെ 53 പേർക്ക് രോഗം വന്നത്. മലപ്പുറത്ത് സമ്പർക്കത്തിലൂടെ കൊവിഡ് കേസുകൾ കൂടി വരുന്നത് പൊന്നാനി താലൂക്കിലാണ്. പൊന്നാനി നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലും റാപ്പിഡ്, ആന്‍റിജൻ ടെസ്റ്റ് നടത്തുന്നു. അതിതീവ്രമേഖലയായ പൊന്നാനിയിലെ സാഹചര്യം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടത്തെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, മുൻസിപ്പൽ കൗൺസിലർമാർ, വിവിധ ഓഫീസ് ജീവനക്കാർ ഇങ്ങനെ 25-ലധികം വ്യക്തികൾക്ക് ഉറവിടം വ്യക്തമാകാതെ രോഗം വന്നിട്ടുണ്ട്. രോഗവ്യാപനസാധ്യത ഇനിയും കൂടിയേക്കാം. 

കോട്ടയം ജില്ലയിൽ സമ്പർക്കരോഗബാധ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത് പാറത്തോട് ഗ്രാമപ‍ഞ്ചായത്തിലാണ്. ഇന്ന് മാത്രം ഇവിടെ 17 പേർക്ക് രോഗമുണ്ടായി. പഞ്ചായത്തിന്‍റെ എട്ടാം വാർഡിൽ 15 പേർ കൊവിഡ് ബാധിതരായി. ഇത് വരെ സമ്പർക്കം മുഖേന 72 പേർക്ക് രോഗം വന്നു.

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്‍റെ സമ്പർ‍ക്കപ്പട്ടികയിലെ 14 പേരുടെ പരിശോധനാഫലം പോസിറ്റീവായി. ഇവർ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ്. കോട്ടയം മെഡി. കോളേജിലെ വിദഗ്ധസംഘം ഉൾപ്പടെ ഉള്ള ജില്ലാ തലസംഘത്തെ പാറത്തോട്ടിൽ വിന്യസിച്ചു. കൊല്ലം ജില്ലയിൽ ചവറ, പൻമന, ശാസ്താംകോട്ട, പോരുവഴി, വെളിയം എന്നിവിടങ്ങളിലാണ് സമ്പർക്കരോഗബാധ കൂടിയ ഇടങ്ങൾ. പത്തനംതിട്ട ജില്ലയിൽ കുമ്പഴ മേഖലയിലാണ് രോഗബാധ കൂടിയ സ്ഥലം. ഇന്ന് രോഗമുണ്ടായ 64 പേരിൽ 38 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. 4 പേരുടെ ഉറവിടം അറിയില്ല.

ലോക്ക്ഡൗൺ ഇളവിന് ശേഷം കേരളത്തിലെത്തിയത് 5, 81, 488 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നത് 3, 63, 731 പേർ. വിദേശത്ത് നിന്ന് വന്നത് 2, 17,757 പേരാണ്. വന്നവരിൽ 62.55 ശതമാനം പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. അവരിൽ 64.64 ശതമാനം പേരും രാജ്യത്തെ റെഡ് സോൺ ജില്ലകളിൽ നിന്ന് വന്നതാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർ എത്തിയത് റോഡ് മാർഗമാണ്. 65.43 ശതമാനം പേരാണ് റോഡ് വഴി കേരളത്തിലെത്തിയത്. 19.64 ശതമാനം പേർ വിമാനമാർഗം എത്തി. 14.18 ശതമാനം പേർ റെയിൽവേ വഴി കേരളത്തിലെത്തി. ഹ്രസ്വകാലസന്ദർശത്തിന് രജിസ്റ്റർ ചെയ്തത് 58,169 പേരാണ്. അവരിൽ 27,611 പേർക്ക് പാസ്സ് ഇതിനോടകം നൽകി. പതിവ് സന്ദർശനത്തിന് അപേക്ഷിച്ചത് 19,260 പേരാണ്. അവരിൽ 8699 പേർക്ക് ഇതിനകം പാസ്സ് നൽകി. രണ്ട് തരം സന്ദർശകരിലും ഏറ്റവും കൂടുതൽ അപേക്ഷ വന്നത് തമിഴ്നാട്ടിൽ നിന്നാണ്.

രണ്ട് മാസത്തെ സാമൂഹ്യക്ഷേമപെൻഷൻ ഈ മാസം അവസാനം വിതരണം ചെയ്യും. മെയ്, ജൂൺ മാസത്തെ പെൻഷനാണ് നൽകുക. നാൽപ്പത്തെട്ടര ലക്ഷം പേരുടെ കൈകളിൽ പെൻഷനെത്തും. ക്ഷേമനിധി ബോർഡുകളിൽ 11 ലക്ഷത്തോളം പേർക്കാണ് പെൻഷൻ കിട്ടുക. സാമൂഹ്യപെൻഷൻ 1165 കോടിയും ക്ഷേമനിധി ബോർഡുകൾക്ക് 160 കോടിയുമാണ് വേണ്ടി വരിക. ഇത് അനുവദിച്ചു. മസ്റ്റർ ചെയ്യാനുള്ള തീയതി ജൂലൈ 22 വരെയാണ്. ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭവനരഹിതരായ ഒരു ലക്ഷം കുടുംബങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ വീട് വയ്ക്കാനാണ് ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിൽ കണ്ടെത്തുന്ന സ്ഥലങ്ങൾ മാത്രം മതിയാകില്ല. ഇതിനാൽ ഭവനസമുച്ചയങ്ങളുണ്ടാക്കാൻ സുമനസ്സുകളുടെ സഹായം സ്വീകരിക്കും. കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിൽ എരുമേലി ജമാ അത്തിന്‍റെ നേതൃത്വത്തിൽ നോമ്പുകാലത്തെ സംഭാവന കൊണ്ട് വാങ്ങിയ 55 സെന്‍റ് ലൈഫ് മിഷന് വേണ്ടി വിനിയോഗിക്കാൻ മുന്നോട്ടുവന്നു. അതിൽ നിന്ന് 3 സെന്‍റ് വീതം 12 പേർക്കായി വീതിച്ച് നൽകും. ഇതിൽ 7 സെന്‍റ് സ്ഥലം പൊതു ആവശ്യങ്ങൾക്കാണ്. ഇത് കൂടാതെ കോട്ടയം അയ്മനത്തെ റോട്ടറി ഇന്‍റർനാഷണൽ 6 ലക്ഷം യൂണിറ്റ് കോസ്റ്റ് വരുന്ന 18 വീടുകൾ ലൈഫ് ഗുണഭോക്താക്കൾക്ക് നിർമിച്ച് നൽകാൻ മുന്നോട്ടുവന്നു.

മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ വീട് നൽകാനുള്ള കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ടം നാളെ തുടങ്ങും. ഒന്നാം ഘട്ടത്തിൽ 2000 വീടുകൾ നി‍ർമിക്കാനായിരുന്നു തീരുമാനം. എല്ലാ വീടുകളും പൂർത്തിയാക്കി കൈമാറി. ഭൂരഹിത, ഭവനരഹിതർക്കുള്ള ഫ്ലാറ്റ് നിർമാണമാണ് ഈ ഘട്ടത്തിലുള്ളത്. 14 ജില്ലകളിലും സ്ഥലം കണ്ടെത്തി. തൃശ്ശൂർ പഴയന്നൂരിൽ ഫ്ലാറ്റുണ്ടാക്കിയാണ് ഈ ഘട്ടം തുടങ്ങുക. കൊവിഡ് കാലത്തും ലൈഫ് മിഷൻ സന്ദേശം ആളുകൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നു. ഇതിൽ സന്തോഷമുണ്ട്.

2020- 21 വ‌ർഷത്തെ ഒന്നാം വാള്യം പാഠപുസ്തക വിതരണം പൂർത്തിയായി. മെയ് 15 മുതലാണ് വിതരണം തുടങ്ങിയത്. മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യഘട്ടവിതരണം നടന്നത്. മറ്റ് ജില്ലകളിൽ ജൂണിലാണ് വിതരണം തുടങ്ങിയത്. ലോക്ക്ഡൗൺ ഇളവിന് ശേഷമാണ് പൂർണതോതിൽ വിതരണം തുടങ്ങിയത്. മുൻവർഷങ്ങളിൽ ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് വിതരണം പൂർത്തിയാക്കാറ്. എന്നാൽ കൊവിഡ് പ്രതിസന്ധിക്ക് ഇടയിലും ഏകദേശം ഒരു മാസവും പത്ത് ദിവസവും കൊണ്ടാണ് ഒന്നാം വാള്യ പാഠപുസ്തകവിതരണം പൂർത്തിയാക്കിയത്. വിദ്യാഭ്യാസവകുപ്പിലെ രണ്ട് കാര്യങ്ങൾ കൂടി: എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം നാളെ വരും. ഒന്നാംവർഷ ഹയർസെക്കന്‍ററി ഫലം ഈ മാസം തന്നെ വരും.

ധനകാര്യബിൽ ചർച്ച ചെയ്യാൻ ജൂലൈ 27-ന് നിയമസഭാസമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണവകുപ്പിന് കീഴിലുള്ള 5 വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതു സർവീസ് രൂപീകരിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എഞ്ചിനീയറിംഗ്, നഗരഗ്രാമാസൂത്രണം എന്നീ വകുപ്പുകൾ ഏകീകരിച്ചാണ് പൊതുസർവീസുണ്ടാക്കുക. ലോക്കൽ ഗവേണൻസ് കമ്മീഷൻ സമർപ്പിച്ച കരട് ചട്ടങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച റിപ്പോ‍ർട്ടും പരിഗണിച്ചാണ് തീരുമാനം. ഏകോപനം ഉറപ്പാക്കാനാണ് പൊതുസർവീസ്. നിലവിലുള്ള ജീവനക്കാർക്ക് ദോഷം വരാതെയാകും ഏകീകരണം.