തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ബന്ധം ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തില്‍ ഒരു മുന്‍വിധിയും ഉണ്ടായിരുന്നില്ലെന്നും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് വിവരങ്ങൾ പുറത്ത് വന്നപ്പോൾ തന്നെ കേന്ദ്ര സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണ ഏജൻസികളെ മുൻവിധിയില്ലാതെയാണ് കേരളം സ്വീകരിച്ചത്. പക്ഷെ ലക്ഷ്യം എന്തെന്ന് തിരിച്ചറിയാന്‍ വലിയ വിശകലനം ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

സംസ്ഥാന സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികളെ കരിനിഴലിൽ നിര്‍ത്തുന്നതാണ് ഇപ്പോഴത്തെ അന്വേഷണ രീതി. പ്രതികളെ രക്ഷിച്ചാലും സർക്കാരിന്‍റെ വികസനങ്ങളില്‍ എങ്ങിനെ കരിനിഴൽ വീഴ്ത്താം എന്നായി. മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴി ചില നേതാക്കൾ വാര്‍ത്താ സമ്മേളനം നടത്തി പറയുന്നു. ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന് വരെ നേതാക്കൾ വിളിച്ച് പറയുന്നു. നാല് വര്‍ഷമായി അഴിമതിയുടെ ഒരു കറുത്ത പാടുപോലും ആരോപിക്കാനില്ല. ജനാധിപത്യത്തിന്‍റെ അന്തസത്തക്ക് ചേരാത്ത നിലപാടാണ് രാജ്യത്താകെ ഉണ്ടാകുന്നത്.