യോഗ്യനായിട്ടുള്ള ആളെ തന്നെയാണ് ചെയര്‍മാനായി തിരഞ്ഞെടുത്തത്. നിയമത്തിലും ചട്ടത്തിലും നിന്നുകൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പുകളെല്ലാം നടത്തിയതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദം കൊഴുക്കുന്നതിനിടെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മനോജ് കുമാറിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെയര്‍മാനായി തിരഞ്ഞെടുത്തത് യോഗ്യനായിട്ടുള്ള ആളെയാണ്. മനോജ് പരമയോഗ്യനായ ആളാണ്. നല്ലരീതിയില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പറ്റും. നല്ല ചുറുചുറുക്കുള്ള ആളാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. 

മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നത്. അപേക്ഷ ക്ഷണിച്ച്, ക്വാളിഫൈഡ് ആയവരെ ഇന്‍റര്‍വ്യൂ ചെയ്‍ത് യോഗ്യനായ ആള്‍ക്ക് അംഗീകാരം നല്‍കുകയാണ് ചെയ്തത്. ഇന്‍റര്‍വ്യൂ ബോര്‍ഡിന് യോഗ്യരായി തോന്നിയവരെയാണ് തെരഞ്ഞെടുക്കുക. ബാലാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ പറ്റിയ ആളാണ് തെരഞ്ഞെടുക്കപ്പെട്ട കെ വി മനോജ് കുമാറ്. 

എന്നാല്‍ ജില്ലാ ജഡ്ജിമാരെ അടക്കം മറികടന്ന് ബാലാവകാശ കമ്മീഷ അധ്യക്ഷ സ്ഥാനത്ത് സിപിഎം നോമിനി കെ വി മനോജ് കുമാറിനെ നിയമിച്ചത് വലിയ വിവാദമായിരുന്നു. പോക്സോ വിധികളിലൂടെ ശ്രദ്ധേയനായ കാസർകോട് ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശൻ, മറ്റൊരു ജഡ്ജി ടി ഇന്ദിര ഒപ്പം അരഡസൻ ബാലാവകാശ പ്രവർത്തകരെയും തഴഞ്ഞാണ് യോഗ്യതയിൽ പിന്നിൽ നിന്ന കെ വി മനോജ് കുമാറിനെ നിയമിക്കുന്നത്. പിടിഎ പ്രവർത്തനമാണ് പ്രധാന യോഗ്യതയായി മനോജ് കുമാര്‍ സാമൂഹ്യനീതി വകുപ്പിനെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ നേതൃത്വം നൽകിയ അഭിമുഖ പാനലാണ് യോഗ്യരെ മറികടന്ന് മനോജിനെ ഒന്നാമനാക്കിയത്. പിന്നാലെ മന്ത്രിസഭാ അംഗീകാരവും ലഭിക്കുകയായിരുന്നു.