Asianet News MalayalamAsianet News Malayalam

വയനാടിന്റെ നെല്ലറയ്ക്ക് പ്രതീക്ഷയുടെ ചിങ്ങം; 250 ഏക്കർ പാടത്ത് കൃഷിയിറക്കി ചേകാടിയിലെ കർഷകർ

വയനാടിന്‍റെ നെല്ലറയെന്നാണ് ചേകാടി ഗ്രാമത്തിനുള്ള വിശേഷണം. ചേകോടിക്കാർക്ക് ഇത് പ്രതീക്ഷയുടെ മറ്റൊരു പുതുവർഷാരംഭമാണ്. കാലം തെറ്റിയെത്തിയ കാലാവസ്ഥയെ അതീജീവിച്ചാണ് ഇത്തവണ ഇവർ കൃഷിയിറക്കുന്നത്

chekadi farmers starts farming today across 250 acre farm land
Author
Kerala, First Published Aug 17, 2022, 6:49 PM IST

കൽപ്പറ്റ: വയനാടിന്റെ നെല്ലറയ്ക്ക് ഇത് പ്രതീക്ഷയുടെ ചിങ്ങം ഒന്ന്. ഗോത്ര സമൂഹം തിങ്ങിപാർക്കുന്ന അതിർ വരമ്പുകളില്ലാത്ത മനോഹരമായ കാർഷിക ഗ്രാമമാണ് വയാനാട്ടിലെ ചേകാടി. കർണ്ണാടകയുടെ അതിർത്തിയോട് ചേർന്ന ഈ വനഗ്രാമത്തിൽ ഇത് നാട്ടിയുടെ കാലമാണ്. നൂറുകണക്കിന് ഏക്കർ പാടശേഖരങ്ങളിലാണ് ഇത്തവണയും ചേകാടിക്കാർ കൃഷിയിറക്കുന്നത്. 

വയനാടിന്‍റെ നെല്ലറയെന്നാണ് ചേകാടി ഗ്രാമത്തിനുള്ള വിശേഷണം. ചേകോടിക്കാർക്ക് ഇത് പ്രതീക്ഷയുടെ മറ്റൊരു പുതുവർഷാരംഭമാണ്. കാലം തെറ്റിയെത്തിയ കാലാവസ്ഥയെ അതീജീവിച്ചാണ് ഇത്തവണ ഇവർ കൃഷിയിറക്കുന്നത്. ഗോത്ര വിഭാഗങ്ങളും ചെട്ടി സമുദായ അംഗങ്ങളുമാണ് ഇവിടുത്തെ കർഷകരിൽ കൂടുതൽ പേരും. 

സുഗന്ധ നെല്ലിനങ്ങളാണ് ചേകോടിയിലെ കർഷകരിൽ കൂടുതൽ പേരും കൃഷി ചെയ്യുന്നത്. വനമേഖലയിൽ കബനി നദിയുടെ തീരത്തോട് ചേർന്നാണ് ഈ കാർഷിക ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ 250 ഏക്കറോളം വരുന്ന നെൽപ്പാടത്താണ് ഇത്തവണ ചേകോടിയിലെ കർഷകർ കൃഷിയിറക്കിയത്. നിലമൊരുക്കി വരമ്പു വെക്കലാണ് ആദ്യ ഘട്ടം. പിന്നീട് ഞാറുപറിക്കും. പറിച്ചു കെട്ടിയ ഞാറുകൾ വയലുകളിൽ എത്തും. പിന്നെ നടീൽ ഉത്സവമാണ്. 

എന്തും വിളയുന്ന നല്ല മണ്ണ്: മുഖ്യമന്ത്രി

എന്തും വിളയുന്ന നല്ല മണ്ണാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിൽ ആവശ്യമായത്ര അരി ഉൽപ്പാദിപ്പിക്കാൻ കഴിയുന്നില്ല. അത് നാടിന്റെ പ്രത്യേകത കൊണ്ട് കൂടിയാണ്. നേരത്തെ പലരും കൃഷി ചെയ്യാതെ പിന്മാറി. നെൽപ്പാടങ്ങൾ തരിശായി കിടന്നു. എന്നാൽ അതിന് സാരമായ മാറ്റം വന്നു. കഴിഞ്ഞ സർക്കാർ എടുക്കുന്ന നടപടികളിലൂടെ വലിയ തോതിൽ ആളുകൾ കാർഷിക രംഗത്തേക്ക് മാറി. നെല്ലുൽപ്പാദനത്തിൽ മുന്നേറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലം മാറി വരുമ്പോ പലതിലും മാറ്റം വരുന്നു. ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട സ്ഥിതി വരുന്നു. അതുകൊണ്ടാണ് ആരോഗ്യത്തിന് ഹാനികരമായ നിലയിൽ പച്ചക്കറികളും മറ്റും കേരളത്തിലേക്ക് വന്നത്. എന്നാൽ ഇപ്പോൾ വലിയ തോതിൽ മാറ്റമുണ്ടായി. പലതിനും സർക്കാർ ജനത്തിന്റെ കൂടെ നിൽക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് കേരളത്തെ എത്തിക്കാനായി സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. വിളവെടുക്കുന്ന കേന്ദ്രങ്ങൾക്ക് അടുത്തായി ശീതീകരണ സംഭരണ കേന്ദ്രം സ്ഥാപിക്കും. ശീതീകരിച്ച വാഹനങ്ങളിൽ ഉൽപ്പന്നങ്ങൾ മാർക്കറ്റിലേക്കും മറ്റിടങ്ങളിലേക്കും വിളകൾ എത്തിക്കും. വിദേശത്തേക്ക് അടക്കം പച്ചക്കറി എത്തിക്കാൻ ശ്രമിക്കും. കാർഷിക കോളേജിലും സർവകലാശാലയിലും പഠിക്കുന്ന നിശ്ചിത കോഴ്സുകളിലെ അവസാന വർഷ വിദ്യാർത്ഥികൾക്ക് 2500 രൂപ ഇൻസെന്റീവ് നൽകി പുതിയ പദ്ധതി നടപ്പാക്കും. വിദ്യാർത്ഥികളും കർഷകരും പരസ്പരം അറിവ് പങ്കുവെക്കുന്നതാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios