എതിർസ്ഥാനാർത്ഥിയെ കണ്ടാൽ ചിരിക്കുന്നതും മിണ്ടുന്നത് സ്വാഭാവികമാണെന്നും ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍‍ പ്രദീപ് പറഞ്ഞു. 

തൃശ്ശൂർ: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിന് ഷാഫിയും രാഹുലും ഹസ്തദാനം നിഷേധിച്ചതിൽ പ്രതികരണവുമായി ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്. പരസ്പരം കണ്ടാൽ മിണ്ടുന്നതിലും ചിരിക്കുന്നതിലും എന്താണ് തെറ്റെന്ന് യുആർ പ്രദീപ്‌ ചോദിച്ചു. എല്ലാവരും മനുഷ്യരല്ലേ? പ്രവർത്തനങ്ങളും ആശയവും മുന്നോട്ടുവച്ചുകൊണ്ടാണ് വോട്ട് ചോദിക്കുന്നത്. എതിർസ്ഥാനാർത്ഥിയെ കണ്ടാൽ ചിരിക്കുന്നതും മിണ്ടുന്നത് സ്വാഭാവികം. ചിരിക്കുന്നതും കൈ കൊടുക്കുന്നതും മനുഷ്യത്വപരമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രദീപ് നിലപാട് ജനം വിലയിരുത്തട്ടെയെന്നും കൂട്ടിച്ചേർത്തു. 

ഇന്നലെയാണ് പാലക്കാട്ടെ ഒരു കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ പി സരിന്റെ ഹസ്തദാനംയുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫിയും നിരസിച്ചത്. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു. 

കൈ വേണ്ട എന്ന് പറഞ്ഞ് പോയവർക്ക് ഇനി കൈ തരില്ലെന്നായിരുന്നു വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. പാലക്കാടിന് കൈ കൊടുത്തിട്ടുണ്ട്. അതിനപ്പുറം ഒരു കൈയും തനിക്ക് വേണ്ട. ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും ജനങ്ങൾക്ക് എല്ലാം മനസിലാകുമെന്നും രാഹുൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. 

ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഹസ്തദാനം ചെയ്യാത്തതിൽ തനിക്ക് വിഷമമില്ലെന്ന് പി സരിൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. ഞാൻ എന്റെ സ്വഭാവമാണ് പ്രകടിപ്പിച്ചത്. അവർ അവരുടെ സംസ്കാരം കാണിച്ചു. പാലക്കാട്ടുക്കാരൻ എന്ന നിലയിൽ രാഹുലിനോട് ആതിഥ്യ മര്യാദയാണ് കാണിച്ചത്. വന്ന് കയറിയ ആൾക്ക് തിരിച്ച് ആ മര്യാദ ഉണ്ടായില്ല. അത് പാലക്കാടൻ ജനതയോടുള്ള ധിക്കാരമാണെന്ന് സരിൻ പറഞ്ഞു.

Read Also: 'ഷാഫീ... കൈ തന്നിട്ടുപോണം...രാഹുലേ....'; കല്യാണവേദിയിലും പിണക്കം, സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും

Asianet News Live | Kodakara Hawala case | Priyanka Gandhi | By-Election | Malayalam News Live