തിരുവനന്തപുരം: കാൻസറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തിൽ ര‍ജനിയുടെ തുടർചികിത്സ ചെലവ് സർക്കാർ ഏറ്റെക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് അനാവശ്യമായ തിടുക്കമുണ്ടായെന്നും നിർഭാഗ്യകരകരമായ സംഭവമാണ് നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആശുപത്രിയിലെ ചികിത്സ റിപ്പോർട്ടുകൾ പൂർണമായും ബോധ്യപ്പെട്ട ശേഷമേ ഡോക്ടർമാർ ചികിത്സ നടത്താവൂയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സർക്കാർ സഹായിക്കണമെന്നാവശ്യപ്പെട്ട് രജനി മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടർചികിത്സയും സർക്കാർ ജോലിയും വേണമെന്നായിരുന്നു ആവശ്യം. തിരുവനന്തപുരത്തെത്തിയാണ് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടത്. പൂർണ സഹായം ഇരുവരും ഉറപ്പ് നൽകിയതായും രജനി പറഞ്ഞിരുന്നു. 

കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് നിരന്തരമായി പ്രശ്നങ്ങളുണ്ടെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. മെഡിക്കൽ കോളേജിന് മുന്നിൽ പ്രവർത്തിക്കുന്ന സിഎംസി ക്യാൻസർ സെന്‍ററിൽ നടത്തിയ മാമോഗ്രാമിലും ഡയനോവ ലാബിലെ ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നായിരുന്നു റിപ്പോ‌ർട്ട്.  ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്  ഡോ. സുരേഷ് കുമാർ കീമോ ചെയ്യാൻ നിർദ്ദേശിച്ചത്.  

മാർച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തുന്നത്. മെഡിക്കൽ കോളേജിലെ ലാബിൽ ബയോസ്പി ചെയ്യുന്നതിനൊപ്പം സ്വകാര്യ ലാബിലും ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. സ്വകാര്യ ലാബിലെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കീമോ തുടങ്ങി. എന്നാൽ, മെഡിക്കൽ കോളേജിലെ റിപ്പോർട്ടിൽ രജനിക്ക് കാൻസറില്ലെന്ന് കണ്ടെത്തിയിരുന്നു