ജയ്ഹിന്ദ് കൃത്യമായി ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണെന്ന് അവിടെ പുതിയ ഓഡിറ്റ് നടത്താനുള്ള കെപിസിസി നേതൃത്വത്തിൻ്റെ തീരുമാനത്തോടെ പ്രതികരിച്ചു കൊണ്ട് ചെന്നിത്തല പറഞ്ഞു. 

തിരുവനന്തപുരം: കെപിസിസിയുടെ ഭാഗമായുള്ള വിവിധ പദവികൾ താൻ രാജിവച്ചത് സംഘടനാ പ്രശ്നം കൊണ്ടല്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷ സ്ഥാനം ഒഴി‍ഞ്ഞപ്പോൾ തന്നെ അതോടൊപ്പം വഹിച്ചു പോന്ന പദവികളും താൻ രാജിവയ്ക്കാൻ തീരുമാനിച്ചിരുന്നു. മൂന്ന് മാസം മുൻപ് തന്നെ ഈ പദവികളിൽ നിന്നുള്ള രാജിക്കത്ത് താൻ നൽകിയതാണെന്നും ചെന്നിത്തല കൂട്ടിച്ചേ‍ർത്തു. 

ജയ്ഹിന്ദ് കൃത്യമായി ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണെന്ന് അവിടെ പുതിയ ഓഡിറ്റ് നടത്താനുള്ള കെപിസിസി നേതൃത്വത്തിൻ്റെ തീരുമാനത്തോടെ പ്രതികരിച്ചു കൊണ്ട് ചെന്നിത്തല പറഞ്ഞു. കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം നടത്താനുള്ള ശുപാ‍ർശ രാഷ്ട്രീയ പ്രേരിതമാണ്. പിണറായി ഓലപാമ്പ് കാട്ടി പേടിപ്പിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. യുഡിഎഫിനും കോൺ​ഗ്രസിനുമെതിരെ മുസ്ലീംലീ​ഗ് പ്രവ‍ർത്തക സമിതിയിലുണ്ടായ വിമ‍ർശനങ്ങൾ സദുദ്ദേശപരമാണെന്നും യു ഡി എഫിൻ്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നത് കൊണ്ടാണ് അത്തരം വിമർശനങ്ങളുണ്ടാവുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന് ചെന്നിത്തലയുമായി ബിസിനസ് ബന്ധങ്ങളുണ്ടെന്ന ആരോപണത്തിന് ചാനലിൽ ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന രീതി പുതുമയുള്ള കാര്യമല്ലെന്ന് ചെന്നിത്തല പറഞ്ഞു. കോൺ​ഗ്രസിൽ നിലവിൽ ത‍ർക്കങ്ങളില്ലെന്നും നേതൃത്വവുമായി യോജിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.