തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനത്ത് തുടരാൻ പി.ശ്രീരാമകൃഷ്ണന് ധാര്‍മികമായി അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറെ നീക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടു വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല. രാഷ്ട്രീയ അജൻഡയുണ്ടായിരുന്നുവെങ്കിൽ പ്രമേയം കൊണ്ടു വരേണ്ടത് മുഖ്യമന്ത്രിക്കെതിരെയായിരുന്നു. ജനാധിപത്യത്തെ കുരിശിലേറ്റി സഭയെ ചവിട്ടി തേയ്ക്കുമ്പോൾ പ്രതികരിക്കാതെ പറ്റില്ല എന്നതിനാലാണ് പ്രതിപക്ഷം അടിയന്തരം പ്രമേയം സ്പീക്കര്‍ക്കെതിരെ കൊണ്ടു വന്നതെന്നും ചെന്നിത്തല പറഞ്ഞു. 

അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ സാധാരണ പൗരനെ പോലെ പോയി ചോദ്യം ചെയ്യലിന് ഹാജരാവണം എന്നു പറഞ്ഞ സ്പീക്കര്‍ പക്ഷേ നിയമസഭാ ചട്ടങ്ങൾ ഉപയോഗിച്ച് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യുന്നത് തടയാൻ ശ്രമിച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ അടിയന്തര പ്രമേയത്തിൻ്റെ ഭാഗമായി നടന്ന ചര്‍ച്ചയിൽ പറഞ്ഞു.  

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകൾ -

ജനാധിപത്യത്തിൻ്റെ ശ്രീകോവിലാണ് നിയമസഭ. നിയമസഭയുടെ അന്തസിനെ ഇടിച്ചു താഴ്ത്തിയ ആദ്യ സ്പീക്കര്‍ ചരിത്രം രേഖപ്പെടുത്തുക പി.ശ്രീരാമകൃഷ്ണനെയായിരിക്കും. സ്പീക്കര്‍ പദവി ഉന്നത ഭരണഘടനാ പദവിയാണ്. പക്വമതികളായ നേതാക്കളെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ രാഷ്ട്രീയ വിധേയത്വമില്ലാതെ നിഷ്പക്ഷമായി വേണം സ്പീക്കര്‍ പ്രവര്‍ത്തിക്കാൻ. കഴിഞ്ഞ നിയമസഭയിൽ സ്പീക്കറുടെ വേദിയിലേക്ക് ഇടിച്ചു കയറി ആ കസേര തള്ളി താഴേക്കിട്ട സംഘത്തിലെ ഒരാളായിരുന്നു പി.ശ്രീരാമകൃഷ്ണൻ. 

പാര്‍ട്ടി പറഞ്ഞാൽ പോലും ആ കുറ്റകൃത്യം ചെയ്ത തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ശ്രീരാമകൃഷ്ണൻ ആവശ്യപ്പെടണമായിരുന്നു. സ്പീക്കര്‍ കസേര എടുത്തെറിഞ്ഞയാൾ തന്നെ ആ കസേരയിൽ ഇരുന്ന് അംഗങ്ങൾ അച്ചടക്കം പാലിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്ത് വൈരുദ്ധ്യമാണ്. കഴിഞ്ഞ നിയമസഭയുടെ കാലത്ത് അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഒരു തവണ അദ്ദേഹത്തിന് സസ്പെൻഷൻ ലഭിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു ട്രാക്ക് റെക്കോര്‍ഡുള്ള പി.ശ്രീരാമകൃഷ്ണൻ എങ്ങനെയാണ് ഒരു മികച്ച സ്പീക്കറാവുക.

അദ്ദേഹത്തോട് എന്തെങ്കിലും വ്യക്തിപരമായ വിരോധം ഞങ്ങൾക്കുണ്ടോ... ? അതിനാലാണോ ഈ പ്രമേയം കൊണ്ടു വന്നത്. കേരള ചരിത്രത്തിൽ ഏതെങ്കിലും ഒരു സ്പീക്കറുടെ പേര് കള്ളക്കടത്ത് കേസിൽ വന്നിട്ടുണ്ടോ. ദേശവിരുദ്ധ കുറ്റത്തിന് അകത്തായ ആളുകളുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം സംശയനിഴലിലാണ്. യോഗത ഇല്ലാത്ത ഒരാൾ സ്പീക്കറായി വന്നു യോഗ്യതയില്ലാത്ത കാര്യം ചെയ്തതിനാലാണ് ഈ പ്രമേയം വന്നത്. 

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നസുരേഷ് കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ 164-ാം വകുപ്പ് പ്രകാരം രഹസ്യമൊഴി നൽകി. ആ മൊഴി കേട്ട് അന്തംവിട്ടു പോയെന്നാണ് ജഡ്ജി പറഞ്ഞത്. ജഡ്ജി അന്തം വിട്ടെങ്കിൽ ജനം ബോധംകെട്ടു വീഴില്ലേ. ഭരണഘടന സ്ഥാപനത്തിലെ ഉന്നതനുമായി ബന്ധപ്പെട്ട് മൊഴി ലഭിച്ചെന്നാണ് ജ്ഡജി പറഞ്ഞത്. അഡീ.പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് വിളിച്ചപ്പോൾ നിയമസഭാ ചട്ടം ഉപയോഗിച്ചും നിയമസഭാ സമിതിയെഉപയോഗിച്ചും വിരട്ടാനാണ് സ്പീക്കര്‍ ശ്രമിച്ചത്. വില കൂടിയ കാറിൽ വന്നിറങ്ങിയപ്പോൾ സ്വപ്ന സുരേഷ് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയാണെന്ന് കരുതിയെന്നാണ് സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സ്പീക്കറും സി.ദിവാകരനും ഇവിടെയുണ്ട്. ദിവാകരൻ്റെ മണ്ഡലത്തിലെ ആ കട. എന്നാൽ ഉദ്ഘാടനത്തിന് ദിവാകരൻ പോയില്ല. സ്ഥലം എംഎൽഎയേക്കാൾ വലിയ ബന്ധം സ്പീക്കര്‍ക്ക് ആ പ്രതികളുമായി ഉണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്കുള്ള സൗഹൃദം സഭയെ അപമാനിക്കുന്നതാണ്. കേരളത്തിൽഎത്രയോ സ്പീക്കര്‍മാര്‍ ഉണ്ടായി എന്നാൽ ഇത്രയും ധൂര്‍ത്തും അഴിമതിയും മുൻപൊരിക്കലും ഉണ്ടായിട്ടില്ല. കേരളം സാമ്പത്തിക പ്രതിസന്ധിയിൽ വട്ടം ചുറ്റുമ്പോൾ ഈ ധൂര്‍ത്ത് ഒഴിവാക്കേണ്ടതായിരുന്നു. 

ഒറ്റമുണ്ടും ചുറ്റി കൈമുറിയൻ ഷര്‍ട്ടുമിട്ട ഈ നിയമസഭയുടെ ആദ്യത്തെ സ്പീക്കറായി പ്രവര്‍ത്തിച്ചയാളാണ് ശങ്കരനാരായണൻ തമ്പി സാര്‍... ലാളിത്യത്തിൻ്റെ ആൾരൂപമായ ആ മനുഷ്യനെ അപമാനിക്കുകയല്ലേ 16 കോടിക്ക് അദ്ദേഹത്തിൻ്റെ പേരിലുള്ള ഹാൾ മോടിപിടി്പ്പിച്ച് കൊണ്ട് ഇവര്‍ ചെയ്തത്. ഈ നിയമസഭ ആദ്യമുണ്ടായത് ഹിമാചൽ പ്രദേശിലാണ്. ഇന്നിപ്പോ ഊരാളുങ്കലിൻ്റെ സ്ഥിതി എന്താണ്. എടുക്കുന്ന വര്‍ക്കൊന്നും അവര്‍ക്ക് തീര്‍ക്കാൻ പറ്റുന്നില്ല അത്രയും ഓവര്‍ ലോഡാണ്അവര്‍ക്ക്. ഊരാളുങ്കലിന് കൊടുക്കുന്ന കരാര്‍ അവര്‍ പുറം കരാ‍ര്‍ നൽകുകയാണ്. 

ഈ നിയമസഭാ മന്ദിരത്തിൻ്റെ മൊത്തം ചിലവ് 76 കോടിയാണ്. എന്നാൽ നമ്മുടെ സ്പീക്കര്‍ 64 കോടിയുടെ നിര്‍മ്മാണപ്രവര്‍ത്തനം ഇവിടെ നടത്തിയിട്ടുണ്ട്. ഇകെ നായനാര്‍ മുഖ്യമന്ത്രിയായ കാലത്ത് ഒരു കമ്മിറ്റിയുണ്ടായിരുന്നു. അന്ന് അതിൽ പ്രതിപക്ഷനേതാവുമുണ്ടായിരുന്നു. എന്നാൽ ഈ സഭയുടെ കാലത്ത് പ്രതിപക്ഷം പരാതി കൊടുത്തമ്പോൾ ആണ് ഒരു കമ്മിറ്റിയുണ്ടായത്. സഭാ ടിവിയടക്കം ഒരു കാര്യവും പ്രതിപക്ഷം അറിഞ്ഞിട്ടില്ല. 7.5 ലക്ഷം രൂപ ചിലവിൽ നിര്‍മ്മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചു കളഞ്ഞാണ് 85 ലക്ഷത്തിൻ്റെ ഇഎംഎസ് സ്മാരകം ഒരുക്കിയത്. സഭാ ടിവിയുമായി ഞങ്ങൾ സഹകരിക്കുന്നുണ്ട്. എന്നാൽ അവിടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങളുടെ എതിര്‍പ്പ്.

റിസര്‍ച്ച് അസിസ്റ്റൻ്രുമാരായി കൂട്ടത്തോടെ ആളുകളെ നിയമിക്കുന്നു. ആ കമൽ പറഞ്ഞ ഗുണഗണങ്ങളോട് കൂടിയവരാണ് ഇവരെല്ലാം. ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയിൽ ഞങ്ങൾ പങ്കെടുത്തു. എംഒടി എന്ന സ്ഥാപനമാണ് സ്പീക്കര്‍ക്ക് അവാര്‍ഡ് കൊടുത്തത്. അതേസംഘടനയാണ് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി നടത്തിയത്. അഞ്ച് കോടിയാണ് അവര്‍ക്ക് കൊടുത്തത്. അപ്പോൾ പിന്നെ ലോകത്തെ ഏറ്റവും മികച്ച സ്പീക്കര്‍ എന്ന പേരും പറഞ്ഞ് സ്പീക്കര്‍ക്ക് അവാര്‍ഡ് കൊടുക്കും. 

അസി.പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് കസ്റ്റംസ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ നിയമസഭാ ചട്ടങ്ങൾ പറഞ്ഞ്സ്പീക്കര്‍ അതിനെ പ്രതിരോധിച്ചു. നിയമസഭാ സെക്രട്ടറിയെ പോലും അതിലേക്ക് വലിച്ചഴച്ചു. സ്പീക്കര്‍ സ്ഥാനത്ത് തുടരാൻ പി.ശ്രീരാമകൃഷണന് ധാര്‍മികമായ അവകാശമില്ല. രാഷ്ട്രീയമാണെങ്കിൽ ഞങ്ങൾ പിണറായി വിജയനെതിരെയാണ് സംസാരിക്കേണ്ടത്. അല്ലാതെ സ്പീക്കറോടല്ല. ജനാധിപത്യത്തെ ക്രൂശിലേറ്റി സഭയെ ചവിട്ടിതേയ്ക്കുമ്പോൾ പ്രതികരിക്കാതെ പറ്റില്ല. 

പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിൻ്റെ വാക്കുകൾ -

ധാര്‍മികമൂല്യത്തിൻ്റെ ആൾരൂപമായിരിക്കണം സ്പീക്കര്‍, എല്ലാ തരം നന്മകളേയും ഉയര്‍ത്തിപിടിക്കുന്ന ആളായിരിക്കണം. ഏതു രീതിയിലുള്ള സംശയത്തിനും അതീതനായിരിക്കണം സ്പീക്കര്‍ - ജവഹര്‍ലാൽ നെഹ്റു സ്പീക്കര്‍ പദവിയുടെ ഉന്നതിയെക്കുറിച്ച് പറഞ്ഞതാണിതെല്ലാം. 1971-ൽ തനിനിറം പത്രത്തിൽ സ്പീക്കറെ അവഹേളിച്ചു വന്ന എഡിറ്റോറിയലിൻ്റെ പേരിൽ അതിൻ്റെ മാനേജിംഗ് എഡിറ്റര്‍ കൃഷ്ണൻ നായരെ ഈ സഭയിൽ വിളിച്ചു വരുത്തി ശകാരിച്ച ചരിത്രമുണ്ട്. എന്നാൽ ഇന്ന് എല്ലാ പത്രത്തിലും സ്പീക്കറെ കുറിച്ചുള്ള വാര്‍ത്തകൾ വരുന്നു. എന്നാൽ ഏതെങ്കിലും ഒരു പത്രത്തെ പോലും ഇവിടെ വിളിച്ചു വരുത്താൻ എന്തുകൊണ്ടാണ് നമ്മുക്ക് സാധിക്കാത്തത്, എന്തു കൊണ്ടാണ് ഏതെങ്കിലും ഒരു മാധ്യമത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ സ്പീക്കര്‍ക്ക് പറ്റാത്തത്. ഈ തലത്തിൽ നമ്മുടെ നിയമസഭയും സ്പീക്കര്‍ പദവിയും അവഹേളിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പ്രമേയം അവതരിപ്പിക്കാൻ ‍ഞങ്ങൾ നിര്‍ബന്ധിതരായത്.
 
സ്പീക്കര്‍ ഡോളര്‍ അടക്കമുള്ള ബാഗ് കൈമാറിയതായും അതു കോണ്‍സുലേറ്റ് ജനറലിന് കൊടുക്കാൻ ആവശ്യപ്പെട്ടതായും സ്വര്‍ണക്കടത്ത് കേസ് പ്രതികൾ മൊഴി നൽകിയതായുള്ള വാര്‍ത്ത നമ്മൾ കണ്ടു. സ്പീക്കറുടെ ഓഫീസ് സ്റ്റാഫിനെ ഇതിനോടകം ചോദ്യം ചെയ്തു. താൻ ഒരു സാധാരണ പൗരനെ പൊലെ പോയി മൊഴി നൽകും എന്നാണ് സ്പീക്കര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇതേ സ്പീക്കറുടെ ഓഫീസ് സ്റ്റാഫിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മൂന്ന് തവണഅദ്ദേഹം ഹാജരാകാൻ തയ്യാറായില്ല. നിയമസഭയിലെ അംഗങ്ങൾക്ക് വേണ്ടിയുണ്ടാക്കിയ ചട്ടങ്ങളെല്ലാം ഉപയോഗിച്ച് അദ്ദേഹം സ്വന്തം സ്റ്റാഫിനെ സംരക്ഷിക്കാനാണ് നോക്കിയത്.

ഇതേ പോലെ നേരത്തെ മൂന്ന് സ്പീക്കര്‍മാര്‍ ഡയസിൽ നിന്നും താഴെ ഇറങ്ങി അടിയന്തരപ്രമേയത്തിന് മറുപടി പറയുന്നത്. ഇതൊന്നും യുഡിഎഫ് ആഗ്രഹിച്ചതല്ല. 13-ാം നിയമസഭയിൽ പലരും ചേര്‍ന്ന് സ്പീക്കറുടെ കസേര വലിച്ചു താഴെയിട്ടിരുന്നു. അതിൻ്റെ പ്രായശ്ചിത്തമായി രണ്ടു തവണ നിയമസഭയിലെ ശങ്കരൻതമ്പിഹാളിലെ കസേരകൾ രണ്ട് തവണ മാറ്റി. ആദ്യം 1.8 കോടിയും അതിന് മോടി പോരാന്ന് തോന്നിയപ്പോൾ 16.51 കോടിക്ക് വീണ്ടും കസേരകൾ മാറ്റി. അതു മുഴുവൻ പ്രളയസഹായമായി ലോകബാങ്ക് നൽകിയ തുകയിൽ നിന്നാണ് എടുത്ത് ചിലവഴിച്ചത്. ഇതൊക്കെ നമ്മുക്ക് അത്യാവശ്യമായിരുന്നോ എത്ര തവണയാണ് നമ്മൾ ആ ഹാൾ ഉപയോഗിച്ചത്. 

ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിക്ക് വേണ്ടി 68 ലക്ഷം രൂപയ്ക്ക് നമ്മൾ ഭക്ഷണം കഴിച്ചെന്ന് പറഞ്ഞപ്പോൾ അതൊക്കെ ദഹിക്കാത്ത അവസ്ഥയാണ്. സഭ പേപ്പര്‍ലെസ് ആയിട്ടും ഇവിടെ മൊത്തം പേപ്പറാണ് ആ പദ്ധതിക്കായി 13 കോടി ചിലവാക്കി. പലകാര്യങ്ങളിലും ക്രൂശിക്കപ്പെട്ടവരാണ് ഞങ്ങൾ. സ്പീക്കര്‍ക്കെതിരായ പ്രമേയം കൃത്യമായ സമയത്ത് കൃത്യമായ സാഹചര്യത്തിലാണ് ഞങ്ങൾ അവതരിപ്പിച്ചത്. ഇതു ജനാധിപത്യത്തെ ശക്തിപ്പെടുത്തും എന്നതിൽ ഭരണപക്ഷം ആശ്വസിക്കുകയാണ് വേണ്ടത്. ഈ പ്രമേയത്തെ ഞാൻ ശക്തമായി പിന്തുണയ്ക്കുന്നു.