തിരുവനന്തപുരം: നിയമസഭാ സ്പീക്കർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തിൻ്റെ വികസനമെന്ന പേരിൽ എങ്ങനെ കൊള്ള നടത്താം എന്ന ശ്രമമാണ് സ്പീക്കർ നടത്തിയത്. നിയമസഭാ ഹാൾ കല്യാണ ആവശ്യങ്ങൾക്കൊക്കെ വാടകയ്ക്ക് കൊടുക്കുമെന്ന് സ്പീക്കർ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. നിയമസഭ കേന്ദ്രീകരിച്ച് പോയ വർഷങ്ങളിൽ നടന്ന ധൂർത്തിന്റെയും അഴിമതിയുടേയും ആരോപണങ്ങൾ സ്പീക്കർ ഇതുവരെ നിഷേധിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.  

ചെന്നിത്തലയുടെ വാക്കുകൾ - 

വിവരാവകാശ നിയമപ്രകാരം കിട്ടിയ സർക്കാർ രേഖകളുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ മുൻ കൈയ്യെടുത്ത് നടത്തിയ ധൂർത്തിനെ വിമർശിച്ചത്. ജനാധിപത്യത്തിൻ്റെ വികസന സാധ്യതകൾ കൊണ്ട് എങ്ങനെ കൊള്ള നടത്താമെന്ന ശ്രമമാണ് നടത്തിയത്. ടെൻഡർ കൊടുക്കുന്നതിന് മുമ്പ് എൻഐസിയെ എന്ത് കൊണ്ട് സമീപിച്ചില്ലെന്നതിന് സ്പീക്കർ മറുപടി പറയണം.

നിയമസഭാ ഹാൾ കല്യാണ ആവശ്യങ്ങൾക്കൊക്കെ വാടകയ്ക്ക് കൊടുക്കുമെന്ന് സ്പീക്കർ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. ധൂർത്തിന്റെയും അഴിമതിയുടെയും വസ്തുകൾ ഉന്നയിച്ചതിനെ സ്പീക്കർ തള്ളിയില്ല. രേഖകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ ഉന്നയിക്കുന്നത്. സ്പീക്കറുടെ പദവി സംശയത്തിന്റെ നിഴലിലാവരുത്. ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി  നിർത്തിവച്ച പരിപാടിയാണ് എന്നാൽ അതിനായ നിയമിച്ച താത്കാലിക ജീവനക്കാർ ഇപ്പോഴും ശമ്പളം വാങ്ങുകയാണ്.

ലോകകേരള സഭയുടെ രണ്ടാം സമ്മേളനത്തിൽ നിന്നും പ്രതിപക്ഷം വിട്ടു നിന്നത് ശരിയാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായിട്ടുണ്ടാവും. എല്ലാ നിയമസഭയുടെ കാലത്തും പുസ്തകങ്ങൾ ഇറക്കാറുണ്ട്. അതിനാൽ തന്നെ സ്പീക്കർ ഇപ്പോൾ പറയുന്നതിൽ വലിയ കാര്യമില്ല. കാട്ടിലെ തടി തേവരുടെ ആന എന്ന തരത്തിലാണ് പോകുന്നത്.

നിയമസഭ നിർമ്മിക്കാൻ 17 കോടിയാണ് ചെലവായത്. സ്പീക്കറുടെ കാലത്ത് നവീകരണത്തിന് മാത്രം ഇതിലേറെ ചെലവായി.  അഴിമതിയിലും ധൂർത്തിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയക്കും. ഇന്നലത്തെ സ്പീക്കറുടെ പത്രസമ്മേളനം വിടവാങ്ങൽ പ്രസംഗം പോലുണ്ടായിരുന്നു. സ്വപ്നയും സ്പീക്കറും തമ്മിലുള്ള ബന്ധം വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമായി.

സ്പീക്കറുടെ എല്ലാ വിദേശയാത്രകളും വിദേശകാര്യവകുപ്പിൻ്റെ അനുമതിയോടെയല്ല. അദ്ദേഹം നടത്തിയ 9 യാത്രകളിൽ 2 യാത്രകൾക്ക് അനുമതിയില്ല എന്ന് വിവരാവകാശ രേഖ വഴി വ്യക്തമായിട്ടുണ്ട്. കേരളത്തിൽ ബിജെപി യാദവ കുലം പോലെ ഇല്ലാതാകും. സ്പീക്കർ തന്നെ ഈ ആരോപണങ്ങൾ അന്വേഷിക്കാൻ  സർവകക്ഷി കമ്മിറ്റി  വയ്ക്കട്ടെ.

സംസ്ഥാന മന്ത്രിസഭയിലെ നാല് മന്ത്രിമാർക്ക് സ്വർണ്ണക്കടത്തിൽ ബന്ധമുണ്ടെന്ന ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. നിയമസഭയുടെ പ്രവർത്തനങ്ങളിൽ സഭ സമിതിയെ നോക്കു കുത്തിയാക്കി സ്പീക്കർ തീരുമാനം എടുക്കുകയാണ് ചെയ്തത്. ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ബിജെപിക്ക് മുന്നിലെത്താൻ താൻ മത്സരിക്കുന്നില്ല. രേഖയുടെ അടിസ്ഥാനത്തിലാണ് മത്സരിക്കുന്നത്. 

മുഖ്യമന്ത്രിക്ക് ജനങ്ങളെയോ മാധ്യമങ്ങളെയോ അഭിമുഖീകരിക്കാൻ ആകുന്നില്ല. മുഖ്യമന്ത്രിയോട് സഹതാപം മാത്രമാണുള്ളത്. നിയമസഭ രേഖകൾ പണം ചെലവാക്കി ഡിജിറ്റലൈസ് ചെയ്യുന്നതിന് മുമ്പ് കേന്ദ്ര സഹായം തേടിയിരുന്നോ?. ഈ കരാർ ഊരാളുങ്കലിന് നൽകുന്നതിന്  മുമ്പ് എന്തുകൊണ്ട് ഈ വിഷയത്തിൽ പ്രാവീണ്യമുള്ള എൻഐസിയെ സ്പീക്കർ സമീപിച്ചില്ല. എൻഐസിയെ വിളിക്കാതെ ടെൻ്റർപോലുമില്ലാതെ ഊരാളുങ്കലിന് കരാർ കൊടുത്തത് ദുരൂഹം. പകുതി തുകയ്ക്ക് പണി തീർത്തെങ്കിൽ അത് എന്ത് തരം എസ്റ്റിമേറ്റാണെന്ന് സ്പീക്കർ പറയണം