തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ (കിയാല്‍) സിഎജി ഓഡിറ്റ് നിഷേധിച്ച സംഭവത്തില്‍ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം. കിയാലില്‍ സമ്പൂര്‍ണ ഓഡിറ്റ് ഇടതു സര്‍ക്കാര്‍ നിഷേധിക്കുന്നത് വമ്പന്‍ അഴിമതികള്‍ പുറത്തു വരുമെന്ന ഭയം കൊണ്ടാണെന്ന് മുഖ്യമന്ത്രിക്ക് കൊടുത്ത കത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 

പാലാരിവട്ടം പാലം അഴിമതി ഉയര്‍ത്തി യുഡിഎഫിനെ നേരിടുന്ന എല്‍ഡിഎഫിനെ കിഫ്ബി, കിയാല്‍ ഓഡിറ്റ് വിവാദം വച്ച് തിരിച്ചടിക്കുകയാണ് യുഡിഎഫ് ഇപ്പോള്‍. സമ്പൂര്‍ണ ഓഡിറ്റ് കിയാലില്‍ നിഷേധിച്ചത് അഴിമതി മൂടിവയ്ക്കാനാണ്. നിരവധി ഇടതുനേതാക്കളുടെ മക്കള്‍ അനധികൃതമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നേടിയിട്ടുണ്ട്. സിഎജി ഓഡിറ്റ് നടത്തിയാല്‍ ഈ സത്യങ്ങളെല്ലാം പുറത്തു വരുമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചെന്നിത്തല പറയുന്നു. 

കിയാലില്‍ മാത്രമല്ല സിയാലിലും സിഎജി ഓഡിറ്റ് നടത്തുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളിക്കൊണ്ടാണ് പ്രതിപക്ഷനേതാവിന്‍റെ കത്ത്. സിയാല്‍ (കൊച്ചി വിമാനത്താവളം) സര്‍ക്കാരേതര കമ്പനിയും കിയാല്‍ സര്‍ക്കാര്‍ കമ്പനിയുമാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവ് വാദിക്കുന്നു. കമ്പനി നിയമവും സര്‍ക്കാര്‍ ഓഹരിയുടെ കണക്കുകളും ഇതിനായി ചെന്നിത്തല കത്തില്‍ ഉദ്ധരിക്കുന്നുണ്ട്. 

പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സിഎജി ഓഡിറ്റ് നിശേധിക്കുന്നത്. ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു.മുഖ്യമന്ത്രിക്ക്  നല്‍കിയ കത്തിന് മറുപടി കിട്ടിയല്ല. ഈ സാഹചര്യത്തിലാണ് ഗവര്‍ണറെ സമീപിച്ചത്. ഉചിതമായി നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണ്ണര്‍ മറുപടി നല്‍കി. കിഫ്ബിയും കിയാലും സിപിഎമ്മിന്‍റെ തറവാട്ട് സ്വത്തല്ലെന്നും ചെന്നിത്തല പറഞ്ഞു. കിഫിബിയിലും കിയാലിലും സിഎജി ഓഡിറ്റ് നിഷേധിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.