തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കർ മാത്രമല്ല സർക്കാരിലെ വേറെ ചില ഉന്നതർക്കും സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ആരൊക്കെയാണ് ഈ ഉന്നതരെന്ന കാര്യം ജനമറിയണം. ശിവശങ്കർ മാത്രമായിരുന്നു തെറ്റുകാരൻ എന്നു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

ചെന്നിത്തലയുടെ വാക്കുകൾ -

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉയരുന്നത് ഗുരുതര ആരോപണങ്ങളാണ്. ഇഡി കോടതിയിൽ കൊടുത്ത സത്യവാങ്മൂലം അതീവ ​ഗൗരവകരമായ കാര്യങ്ങളാണ് വെളിപ്പെടുത്തുന്നത്. സ്വപ്നയുമായി അടുത്ത ബന്ധം പുല‍ർത്തിയ ഉന്നത ഉദ്യോ​ഗസ്ഥ‍‍ർ ആരെക്കെയാണെന്ന കാര്യം പുറത്തു വരണം. ശിവശങ്കറിന് മാത്രമാണ് ബന്ധമെന്നാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞത്. എന്നാൽ ശിവശങ്കർ മാത്രമല്ല പ്രതിയെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. ഈ അവസ്ഥയിൽ മുഖ്യമന്ത്രി വിശദീകരണം അത്യാവശ്യമാണ്. 

2017 മുതൽ നടന്ന ഇടപാടുകൾ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ഈ വിവാദസ്ത്രീ എങ്ങനെയാണ് അനു​ഗമിച്ചത്.  മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഇവർ ചർച്ചയിൽ പങ്കെടുത്തത്. ഈ സർക്കാർ അധികാരമേറ്റ് 11 മാസം കഴിഞ്ഞപ്പോൾ കച്ചവടം തുടങ്ങിയെന്ന് വ്യക്തമായിട്ടുണ്ട്.

ഗൾഫിൽ വച്ച് മുഖ്യമന്ത്രി സ്വപ്നയെ കണ്ടിരുന്നോ ചർച്ച നടത്തിയിരുന്നോ എന്നെല്ലാം ഇനി അറിയണം. ലൈഫ് പദ്ധതിയിലും അവർക്ക് പങ്കാളിത്തമുണ്ട്. ലൈഫ് പദ്ധതിയുടെ കമ്മീഷൻ ആർക്കൊക്കെ പോയി എന്നതും അന്വേഷിക്കണം.

റെഡ് ക്രസൻറുമായി ഉണ്ടാക്കിയ കരാറിന്റെ പകർപ്പ് ചോദിച്ചിട്ട് ഇതുവരെ സ‍ർക്കാ‍ർ നൽകിയില്ല. വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ സുരക്ഷയിലും ആശങ്ക ഉയരുകയാണ്. വിദേശത്ത് നിന്ന് നേടിയ പദ്ധതികളിൽ ലഭിച്ചിട്ടുള്ള തുകയും നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങളും പുറത്ത് വിടണം.

നേരത്തെ ഇരുന്ന ചീഫ് പ്രോട്ടോകോൾ ഓഫീസ‍ർ പ്രധാന ഫയലുകൾ നശിപ്പിച്ചുവെന്നാണ് വിവരം. അങ്ങനെയെങ്കിൽ മുൻ ചീഫ് പ്രോട്ടോകോൾ ഓഫീസറെ ചോദ്യം ചെയ്യണം. നി‍ർണായക ഫയലുകൾ എവിടെ എന്ന് സർക്കാർ വ്യക്തമാക്കണം. അല്ലെങ്കിൽ വിവാദ സ്ത്രീ കൃതിമ രേഖകൾ ചമച്ചോയെന്നതിൽ അന്വേഷണം വേണം. ഈ സർക്കാർ ചീഞ്ഞു നാറുകയാണ്. സാമ്പ്രാണി തിരി കത്തിച്ച് വച്ചാലോ തൈലങ്ങൾ പുരട്ടിയാലോ സുഗന്ധം വരില്ല.
അതിനാലാണ് ഈ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്.

സ‍ർക്കാർ കോളേജുകളിൽ 90% സ്ഥലത്തും പ്രിൻസിപ്പൾമാരില്ല. 2 വർഷമായി ഈ സ്ഥിതിയാണ് നിലനിൽക്കുന്നത്. അതിനിടെയാണ് 381 അധ്യാപകരെ നിയമിക്കാൻ നീക്കം നടക്കുന്നത്. ഓൺലൈനിൽ ഇൻറർവ്യൂ നടത്തി നിയമനം നടത്താൻ വ്യവസ്ഥയില്ല. ഇവിടെ സംവരണതത്വം പാലിച്ചിട്ടുമില്ല. ഇതൊക്കെ കാണിച്ച് ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ ഫേസ്ബുക്കിനെ നിയന്ത്രിക്കുന്ന ആ‍ർഎസ്എസാണെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇതിനെക്കുറിച്ച് ജോയിൻറ് പാർലമെൻററി കമ്മിറ്റി അന്വേഷിക്കണം. കഴിഞ്ഞ 14 ദിവസമായി ചിറ്റാറിൽ ഒരു മൃതദേഹം സംസ്ക്കാരിക്കാതെ വെച്ചിരിക്കുന്നു. വനപാലകരുടെ കസ്റ്റഡയിൽ വച്ചു മത്തായി മരണപ്പെട്ടതിൽ അന്വേഷണം വേണം. 

ഫോ‍ർട്ട് പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണം മതിയാവില്ല. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് വേണ്ടത്. ജോസ് വിഭാഗം യുഡിഎഫിന്റെ ഭാഗമാണ്. വിപ്പ് ആർക്കാണെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. ഇക്കാര്യത്തിൽ ഇനിയും ചർച്ചക്ക് സാധ്യത ഉണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് നടത്തണം എന്നാണ് യുഡിഎഫിൻ്റെ അഭിപ്രായം. മുന്നണി തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണ് ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിലപാട് അറിയിക്കേണ്ടത്.